പാർട്ടിയില്ലെങ്കില്‍ വട്ട പൂജ്യമാണെന്ന് വേണുഗോപാൽ; ഒരു പാർട്ടിക്കുമില്ലാത്ത യുവനിര കോൺഗ്രസിനുണ്ടെന്ന് സതീശൻ

കേരളത്തിലെ അടുത്ത സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാരായിക്കുമെന്ന് കെ സി വേണുഗോപാല്‍

dot image

തിരുവനന്തപുരം: പുതിയ കെപിസിസി നേതൃത്വത്തെ സ്വാഗതം ചെയ്തും മുന്‍ നേതൃത്വത്തെ അഭിനന്ദിച്ചും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ശക്തമായ പോരാളിയെ പോലെ കോണ്‍ഗ്രസിന് നേതൃത്വം നല്‍കിയയാളെന്ന നിലയില്‍ സുധാകരന്റെ പ്രവര്‍ത്തനങ്ങളെ എല്ലാക്കാലത്തും ഓര്‍മിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞ കെ സുധാകരന്റെ സംഭാവനയ്ക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു കെ സി വേണുഗോപാല്‍ ഇന്ദിരാഭവനിലെ ചുമതല കൈമാറുന്ന പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

മുഖവുര ഇല്ലാത്ത നേതാവാണ് പുതുതായി ചുമതലയേറ്റ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫ് സൗമ്യനും മൃദുസമീപനമുള്ളയാളും ആശയങ്ങളിലും നിലപാടിലും അടിയുറച്ച് നില്‍ക്കുന്ന പോരാളിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. യുഡിഎഫ് കണ്‍വീനറായി എം എം ഹസന്‍ നന്നായി പ്രവര്‍ത്തിച്ചെന്നും കെ സി വേണുഗോപാല്‍ അഭിനന്ദിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കോട്ടകളില്‍ കടന്ന് ചെന്ന് നേരിടാന്‍ കഴിയുന്ന ധീരനായ ഒരു നേതാവിനെ തന്നെ ചുക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നതിലൂടെ യുഡിഎഫ് അടൂര്‍ പ്രകാശില്‍ ഭദ്രമാണെന്ന് അഭിമാനിക്കാമെന്ന് പുതുതായി ചുമതലയേല്‍ക്കുന്ന അടൂര്‍ പ്രകാശിനെയും അഭിനന്ദിച്ചു.

ചുമതല ഒഴിയുന്ന മൂന്ന് വര്‍ക്കിങ് പ്രസിഡന്റുമാര്‍ മിടുക്കന്മാരായിരുന്നു. അവര്‍ മൂന്ന് പേരും മാറിനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ വന്നത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസില്‍ താലോലിക്കുന്നവരാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന് എല്ലാകാലത്തും ഒരു ടീം വര്‍ക്കിലൂടെയേ ജയിക്കാന്‍ പറ്റിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Also Read:

'നമ്മുടേത് സീരിയസ് ലക്ഷ്യമാണ്. 2025ല്‍ നടക്കാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും 2026ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വിജയിപ്പിക്കുക എന്നുള്ള ഭാരിച്ച ദൗത്യത്തിലേക്ക് ഇന്ന് ഈ ഇന്ദിര ഭവനില്‍ നിന്നും കൂടുതല്‍ ക്രിയാത്മകമായി മുന്നോട്ട് പോകുകയാണ്. ടീം ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ലക്ഷ്യം ഒന്ന് മാത്രമാണ്. ടീമും നിരയും യോജിക്കും', കെ സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ക്ക് മാത്രമല്ല, കമ്മ്യൂണിസ്റ്റുകാര്‍ക്ക് പോലും മടുത്തൊരു ഭരണമാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഒരു ടീമായി വിജയത്തിലേക്ക് പോകുന്ന ഒരു കാഴ്ചയാണ് കേരളത്തിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ അടുത്ത സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാരായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. 'എന്റെ കാര്യമല്ല- നമ്മുടെ കാര്യം, എന്റെ പ്രശ്‌നമല്ല- നമ്മുടെ പ്രശ്‌നം, എന്റെ ചിന്താഗതിയല്ല- നമ്മുടെ ചിന്താഗതിയാണ് ഉണ്ടാകേണ്ടത്. പാര്‍ട്ടിയില്ലെങ്കില്‍ ആരുമില്ല. പാര്‍ട്ടിയില്ലെങ്കില്‍ നമ്മള്‍ വട്ട പൂജ്യമാണെന്ന് മുന്‍കാല അനുഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്', അദ്ദേഹം പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചും ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. സൈന്യത്തിന്റെ കൂടെയാണ് കോണ്‍ഗ്രസെന്നും എന്നാല്‍ ഇനി ചോദ്യങ്ങള്‍ ചോദിക്കാതിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഷിംല കരാര്‍ ലംഘിച്ചോയെന്ന് ചോദിച്ച കെ സി വേണുഗോപാല്‍ അടിയന്തരമായി പാര്‍ലമെന്റ് വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ നാല് വര്‍ഷക്കാലം ഈ പ്രസ്ഥാനത്തിന് ഉജ്വലമായ നേതൃത്വം നല്‍കിയ കെ സുധാകരന് നന്ദി പറയുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചു. സണ്ണി ജോസഫ് സൗമ്യവും പക്വവുമായ മുഖമാണെന്നും തികഞ്ഞ രാഷ്ട്രീയ ബോധ്യമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ കഴിഞ്ഞ നാല് വര്‍ഷമായി അപസ്വരമുണ്ടായില്ലെന്ന് പറഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. കോണ്‍ഗ്രസ് നൂറിലധികം സീറ്റുമായി തിരിച്ചുവരുമെന്നും ഒരു പാര്‍ട്ടിക്കുമില്ലാത്ത യുവനിര കോണ്‍ഗ്രസിനുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

Content Highlights: KC Venugopal and VD Satheesan responds on KPCC leadership

dot image
To advertise here,contact us
dot image