
ചേര്‍ത്തല: വർഷങ്ങളോളം പൊലീസിനെ വട്ടം കറക്കിയ മോഷണക്കേസ് പ്രതി പിടിയില്‍. കൊല്ലം കുണ്ടറ സ്വദേശിയായ കോയമ്പത്തൂര്‍ പുതുമല്‍പേട്ട കലച്ചിക്കാട് വെയര്‍ഹൗസില്‍ ഭുവനചന്ദ്രനെ(ഗ്യാസ് രാജേന്ദ്രന്‍-56)യാണ് 23 വര്‍ഷത്തിനുശേഷം ചേര്‍ത്തല പൊലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലായി ഒട്ടേറെ മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും പ്രതിയാണിയാൾ. പൊലീസിനെ വട്ടം കറക്കിയ ഇയാളെ അങ്കമാലിയില്‍ നിന്നാണ് പിടികൂടിയത്. 2002-ല്‍ ചേര്‍ത്തല സ്വദേശിയുടെ കാര്‍ മോഷ്ടിച്ച കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. തുടർന്ന് കോടതിയില്‍ നിന്ന് ജാമ്യമെടുത്ത് മുങ്ങി കോയമ്പത്തൂരില്‍ താമസിച്ചു.
തുടര്‍ന്ന് കൊല്ലം പ്ലാപ്പള്ളി, തൃശ്ശൂര്‍, ശാന്തന്‍പാറ എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു. ശാന്തന്‍പാറയില്‍ അയല്‍വാസികളോടെല്ലാം നല്ല ബന്ധമാണ് ഭുവനചന്ദ്രന്‍ വെച്ച് പുലർത്തിയിരുന്നത്. ദൂരസ്ഥലങ്ങളിലായിരുന്നു ഇയാൾ മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തിയിരുന്നത്. രണ്ടര ഏക്കര്‍ സ്ഥലവും വലിയ വീടും ഒറ്റ ദിവസം കൊണ്ടാണ് ആരുമറിയാതെ വിറ്റ് രാത്രിതന്നെ മുങ്ങുകയായിരുന്നു. ഇയാളോടൊപ്പം പല കേസുകളില്‍ പലപ്പോഴായി പിടിയിലായവരെ കണ്ടെത്തി ചോദ്യം ചെയ്തതിനെത്തുടർന്നാണ് ഭുവനചന്ദ്രനെ പിടികൂടിയത്.
ചേര്‍ത്തല എഎസ്പി ഹരീഷ് ജെയിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. ചേര്‍ത്തല പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി അരുണ്‍, എസ്‌ഐ എസ് സുരേഷ്, എഎസ്‌ഐ ബിജു കെ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Content Highlights: Suspect arrested in theft case after 23 years