
ആലപ്പുഴ: പിണറായി വിജയൻ സർക്കാർ വന്നപ്പോഴാണ് വിഴിഞ്ഞം പദ്ധതി പൂർത്തീകരണത്തിലെത്തിയതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാ പ്രതിബന്ധങ്ങളും സർക്കാർ തരണം ചെയ്തു. യുഡിഎഫ് കാലത്ത് പദ്ധതി ഒന്നുമാകാതെ മുടങ്ങിക്കിടക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജാതി സെൻസസ് തീരുമാനം നല്ലതാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി സെൻസസ് നടപ്പാക്കേണ്ടത് വർത്തമാനകാലത്തിന്റെ ആവശ്യമാണെന്നും കൂട്ടിച്ചേർത്തു. ജാതി സെൻസസ് എടുക്കാനുള്ള തീരുമാനം സന്തോഷകരമാണ്.
പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ സന്തോഷിക്കണം. സംവരണത്തെ സംബന്ധിച്ച് ഒരുപാട് തർക്കങ്ങളുണ്ട്. പലർക്കും കിട്ടുന്നില്ലെന്നും ചിലർക്ക് കൂടുതൽ കിട്ടുന്നുണ്ടെന്നുമൊക്കെ പരാതിയുണ്ട്. സുതാര്യമായ ജാതി സെൻസസാണ് വേണ്ടത്. രാജ്യത്ത് ജാതിയും മതവും വർണ്ണവും ഉണ്ടെന്നും ഇതൊന്നുമില്ലെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വനംമന്ത്രിയുടെ പ്രതികരണത്തിന് പിന്നിൽ നീതി നടപ്പാക്കിയില്ലെന്ന കുറ്റബോധമായിരിക്കാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നാളെ രാവിലെ 11 മണിക്കാണ് കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11-ന് തുറമുഖത്ത് തയ്യാറാക്കിയ പ്രത്യേകവേദിയിൽ പൂർണതോതിൽ പ്രവർത്തനമാരംഭിച്ച തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രിയാണ് നിർവഹിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ. വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.
10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിക്കും. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷമായിരിക്കും പൊതുസമ്മേളനത്തിൽ പങ്കെടുക്കുക.
Content Highlights: vellappally natesan on vizhinjam port