'ഓർക്കുമ്പോൾ ഉൾക്കിടിലം, വിനോദ യാത്രികരുടെ പറുദീസ എന്ന പദവി കശ്മീരിന് നഷ്ടമാകുമോ?'; ജി വേണു​ഗോപാൽ

'സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാശ്മീരിന് നഷ്ടമാകുമോ? '

dot image

കശ്മീർ ഭീകരാക്രമണത്തിന് മുൻപ് താൻ അടങ്ങുന്ന സംഘം പഹല്‍ഗാമിൽ മൂന്ന് ദിവസം ഉണ്ടായിരുന്നുവെന്ന് ഗായകൻ ജി വേണുഗോപാൽ. അതോർക്കുമ്പോൾ ഉൾക്കിടിലമെന്നും സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയതെന്നും വേണു​ഗോപാൽ പറയുന്നു. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കശ്മീരിന് നഷ്ടമാകുമോ എന്നും വേണു​ഗോപാൽ ചോദിക്കുന്നു. ഫേസ്ബുക്കിലായിരുന്നു വേണു​ഗോപാലിന്റെ പ്രതികരണം.

'ദൈവമേ ….. ABC valleys എന്ന് വിളിപ്പേരുള്ള പെഹൽഗാമിലെ ഈ ഇടങ്ങളിൽ ഞങ്ങൾ, (ഞാൻ, രശ്മി, സുധീഷ്, സന്ധ്യ, എന്നിവർ) വെറും മൂന്ന് ദിവസങ്ങൾ മുൻപ് ട്രെക് ചെയ്തിരുന്നു എന്നോർക്കുമ്പോൾ ഒരു ഉൾക്കിടിലം! ഞങ്ങൾക്ക് Aru Valley യിൽ മനോഹരമായ ഒരു അനുഭവവും ഉണ്ടായി. പെഹൽഗാമിലെ പാവപ്പെട്ട സാധാരണ ജനങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്ന ഒരനുഭവം. അത് പിന്നീട് പറയാം.
സമാനതകളില്ലാത്ത ക്രൂരതയാണ് ഇന്നലെ അരങ്ങേറിയിരിക്കുന്നത്. വിനോദ യാത്രികരുടെ പറുദീസ എന്ന പദവി ഇതോടെ കാശ്മീരിന് നഷ്ടമാകുമോ? Who or which forces are behind this dastardly act? ചരിത്രം കണ്ണുനീരും, കഷ്ടപ്പാടുകളും മാത്രം കനിഞ്ഞു നൽകിയ പ്രദേശങ്ങളിലൊന്നാണ് കശ്മീർ. മനോഹരമായ ഭൂപ്രദേശവും , വളഭൂയിഷ്ടമായ മണ്ണും കൃഷിയും, അതി സൗന്ദര്യമുളള പ്രദേശ നിവാസികളും . എന്നാലും ദാരിദ്യവും, കഷ്ടപ്പാടും മാത്രമേ ഇവിടെ കാണാൻ കഴിയൂ. ഇടയ്ക്കിടയ്ക്ക് മുഴങ്ങുന്ന വെടിയൊച്ചകളും!'
വേണുഗോപാൽ പറഞ്ഞു.

വിനോദ സഞ്ചാരികൾക്കുനേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി രം​ഗത്ത് എത്തിയിരുന്നു. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചിരുന്നു.

ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇതിനോടകം തന്നെ ദി റെസിസ്റ്റൻ്റ് ഫ്രണ്ട് രംഗത്ത് വന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പ്രദേശത്ത് മലയാളികൾ കുടുങ്ങി കിടക്കുന്നതായും വിവരമുണ്ട്. പ്രദേശത്ത് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

Content Highlights:  Singer G Venugopal condemned the Pahalgam terror attack.

dot image
To advertise here,contact us
dot image