
തിരുവനന്തപുരം:എറണാകുളം ഗസ്റ്റ് ഹൗസില്‍ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി മാധ്യമങ്ങളെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സുരേഷ് ഗോപിയുടെ പരാമര്‍ശത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നും നോക്കിയിട്ട് പ്രതികരിക്കാമെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായതിനെപ്പറ്റി ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മാധ്യമങ്ങളെ ഗസ്റ്റ് ഹൗസില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ മാധ്യമ പ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. താന്‍ പുറത്തിറങ്ങുമ്പോള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ പോലും ഉണ്ടാകരുതെന്ന് സുരേഷ് ഗോപി ഗണ്‍മാനോട് നിര്‍ദേശിച്ചതായി ഗസ്റ്റ് ഹൗസ് ജീവനക്കാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ജബല്‍പൂരില്‍ വൈദികര്‍ക്കുനേരെ ആക്രമണമുണ്ടായതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് സുരേഷ് ഗോപിയെ ചൊടിപ്പിച്ചത്. 'നിങ്ങള്‍ ആരാ, ആരോടാണ് സംസാരിക്കുന്നത്. സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാണ്? ജനങ്ങളാണ് വലുത്, സൗകര്യമില്ല ഉത്തരം പറയാന്‍ അക്രമം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ജബല്‍പൂരില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ നിയമപരമായി നടപടിയെടുക്കും'-എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
അതേസമയം, ഒര്‍ഗനൈസറിലെ ലേഖനത്തെക്കുറിച്ചും വെളളാപ്പളളിയുടെ പരാമര്‍ശത്തെക്കുറിച്ചും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. ഒര്‍ഗനൈസറിലെ ലേഖനം തെറ്റാണെന്ന് കണ്ടപ്പോള്‍ അവര്‍ പിന്‍വലിച്ചുവെന്നും അതിലെ തെറ്റിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. 'ഈഴവ സമുദായം വളരെ വലിയ സമുദായമാണ്. ഒബിസി സംവരണം മതപരമായ സംവരണമാക്കാന്‍ പാടില്ല. അവര്‍ അതിനെയാണ് എതിര്‍ക്കുന്നത്.'-എന്നാണ് വെളളാപ്പളളിയുടെ പരാമര്‍ശത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ക്രൈസ്തവ സഭകള്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ ഒന്നും പറയാനില്ല. എല്ലാവര്‍ക്കും പാര്‍ട്ടി രൂപീകരിക്കാനുളള അവകാശമുണ്ട്. മതപരമായ പാര്‍ട്ടിയുണ്ടാക്കാന്‍ ഭരണഘടന അനുവദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Rajeev chandrasekhar on suresh gopi shouting and banning media in guest house