അരമണിക്കൂര്‍ കൊണ്ട് ആംബുലന്‍സ് സഞ്ചരിച്ചത് 50 കിലോമീറ്റര്‍; മൂന്നു വയസ്സുകാരന് രക്ഷകനായി ഡ്രൈവർ

ഒന്നരമണിക്കൂറോളം സഞ്ചരിച്ചെത്താവുന്ന ദൂരത്താണ് അരമണിക്കൂര്‍ കൊണ്ട് കുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് പറന്നത്

dot image

തിരുവനന്തപുരം: ശ്വാസതടസം നേരിട്ട മൂന്ന് വയസുകാരന് രക്ഷകനായി ആംബുലൻസ് ഡ്രൈവർ. അരമണിക്കൂർ കൊണ്ട് 50 കിലോമീറ്റർ സഞ്ചരിച്ചാണ് ആംബുലൻസ് ഡ്രൈവർ കാർത്തിക്ക് മൂന്ന് വയസുകാരനെയും കൊണ്ട് ഒരു ആശുപത്രിയിൽ നിന്നും മറ്റൊരു ആശുപത്രിയിലെത്തിച്ചത്.

കഴിഞ്ഞദിവസം 8.30തോടെയാണ് തിരുവനന്തപുരം പാലോടുള്ള സ്വകാര്യ ആശുപത്രിയില്‍ മൂന്നു വയസ്സുകാരനെ ശ്വാസം നിലക്കുന്ന സാഹചര്യത്തില്‍ ചികിത്സക്ക് എത്തിച്ചത്. കിഡ്‌നി സംബന്ധമായ അസുഖം ഉള്ള കുട്ടിയെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.

ഡയാലിസിസ് മുടങ്ങിയതോടെ ശ്വാസകോശത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു. തുടര്‍ന്നാണ് ശ്വാസതടസ്സം ഉണ്ടായത്. എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ നല്‍കാന്‍ നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം.

ആംബുലന്‍സ് എത്തിയെങ്കിലും ഗതാഗതക്കുരുക്കിലൂടെ എങ്ങനെ 50 കിലോമീറ്റര്‍ മറികടക്കും എന്നായിരുന്നു ഡ്രൈവര്‍ കാര്‍ത്തിക്കിന്റെ മുന്നിലുള്ള തടസ്സം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ പിന്തുണ നല്‍കിയതോടെ കാര്‍ത്തിക് ആ ഉദ്യമം ഏറ്റെടുത്തു. പൊലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിച്ചു.

പൊലീസ് കാര്‍ത്തിക്കിന് വേണ്ടി വഴിയൊരുക്കി. റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അരമണിക്കൂര്‍ കൊണ്ട് 50 കിലോമീറ്റര്‍ അപ്പുറമുള്ള സ്വകാര്യ ആശുപത്രിയില്‍ കാര്‍ത്തിക്ക് കുഞ്ഞിനെ എത്തിച്ചു. ജീവന്‍ നിലച്ചു പോകാം എന്ന സാഹചര്യം ആയിരുന്നു കുട്ടിയുടേത്. ആരോഗ്യനില വളരെ വഷളായിരുന്നു.

പക്ഷേ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് കുഞ്ഞ് ഇപ്പോള്‍ സുഖമായിരിക്കുന്നു. വലിയ അഭിനന്ദനപ്രവാഹം ആണ് പാലോട് പനങ്ങോട് സ്വദേശിയായ കാര്‍ത്തിക്കിനെ തേടിയെത്തുന്നത്. ഒന്നരമണിക്കൂറോളം സഞ്ചരിച്ചെത്താവുന്ന ദൂരത്താണ് അരമണിക്കൂര്‍ കൊണ്ട് കുഞ്ഞിനെയും കൊണ്ട് ആംബുലന്‍സ് പറന്നത്.

Content Highlights: Ambulance travels 50 km in half an hour driver saves three-year-old boy life

dot image
To advertise here,contact us
dot image