
May 25, 2025
08:13 AM
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഓഫീസിനുമെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന് പരാതി. ശ്രീജ നെയ്യാറ്റിന്‍കര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെയാണ് പരാതി. സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള പോസ്റ്റില്‍ വി ഡി സതീശന്റെ സെക്രട്ടറിക്കെതിരെ ശ്രീജ പരാമര്‍ശം ഉന്നയിച്ചിരുന്നു.
പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമായ പോസ്റ്റാണ് ശ്രീജയുടേതെന്ന് പരാതിയില്‍ പറയുന്നു. പോസ്റ്റ് നീക്കം ചെയ്യണമെന്നും ശ്രീജയ്ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
'വി ഡി സതീശന്റെ സെക്രട്ടറി ഇന്നലെ രാത്രി ഔസേപ്പച്ചന്റെ മരുമകനെ വിളിച്ച് പറഞ്ഞത്രെ തനിക്ക് ഔസേപ്പച്ചന്‍ സാറിനെ കുറിച്ച് ഇപ്പോഴാണ് അഭിമാനം തോന്നിയതെന്ന്. അതായത് ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍ ചെന്ന് ആര്‍എസ്എസിനെ വിശുദ്ധരായി പ്രഖ്യാപിച്ചതില്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സെക്രട്ടറിക്ക് അഭിമാനമാണത്രെ', എന്നാണ് ശ്രീജയുടെ പോസ്റ്റിലെ പരാമര്‍ശം.
ഔസേപ്പച്ചന്‍ ആര്‍എസ്എസ് വേദിയില്‍ പങ്കെടുത്തതില്‍ പ്രതിഷേധം അറിയിക്കാന്‍ വിളിച്ചപ്പോഴാണ് തന്നോട് ഔസേപ്പച്ചന്‍ ഇക്കാര്യം പറഞ്ഞതെന്ന് ശ്രീജ പറയുന്നു. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിന് നിരവധി ആശംസകളാണ് സമൂഹത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും, പ്രതിഷേധമറിയിച്ചത് ആകെ രണ്ട് പേര്‍ മാത്രമാണെന്നും ഔസേപ്പച്ചന്‍ പറഞ്ഞതായും ശ്രീജ പറയുന്നു.
ആ രണ്ട് പേരില്‍ ഒരാള്‍ താനും മറ്റൊരാള്‍ സംവിധായകന്‍ വിജു വര്‍മ്മയാണെന്നും അദ്ദേഹം പറഞ്ഞതായും ശ്രീജ കൂട്ടിച്ചേര്‍ത്തു. പിന്നാലെയാണ് വി ഡി സതീശന്റെ സെക്രട്ടറി ഔസേപ്പച്ചന്റെ മരുമകനെ വിളിച്ച കാര്യം പറഞ്ഞതെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: Complaint against Sreeja Neyyattinkara in defame V D Satheesan