പൂരം കലക്കൽ; സുരേഷ്​ഗോപി ആംബുലൻസിൽ എത്തുന്ന ദൃശ്യങ്ങൾ പുറത്ത്; എത്തിയത് വരാഹി ഏജൻസി ഭാരവാഹിക്കൊപ്പം

പൂരപ്പറമ്പിലെ ഇടപെടൽ ആസൂത്രണം ചെയ്തത് വരാഹി അനലറ്റിക്സെന്ന് ആരോപണം

dot image

തൃശൂർ: പൂരം കലക്കൽ വിവാദം കനക്കുന്നതിനിടെ സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന്. ആർഎസ്എസ് ബന്ധമുള്ള വരാഹി ഏജൻസിയുടെ കോർഡിനേറ്റർ അഭിജിത് നായരാണ് സുരേഷ് ഗോപിയെ പൂരപ്പറമ്പിലെത്തിച്ചത്‌. പൂരപ്പറമ്പിലെ ഇടപെടൽ ആസൂത്രണം ചെയ്തത് വരാഹി അനലറ്റിക്സാണെന്നാണ് ഉയരുന്ന ആരോപണം. വരാഹിക്ക് വേണ്ടിയാണ് ആർഎസ്എസ് നേതാവ് ജയകുമാർ എം ആർ അജിത് കുമാറിനെ കണ്ടതെന്നും ആരോപണമുണ്ട്.

വരാഹി അനലിറ്റിക്സ് ബിജെപിയുടെ രാജ്യത്തെയാകെ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കുന്ന സട്രാറ്റജിക്കൽ ഏജൻസിയാണ്. വരാഹിയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ജയകുമാർ. ജയകുമാറാണ് എഡിജിപിയുമായി കൂടിക്കാഴ്ച നടത്തിയത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ജയകുമാർ തൃശൂരിലുണ്ടായിരുന്നു. വരാഹിയുടെ ആസൂത്രണമാണ് സുരേഷ് ​ഗോപിയെ തൃശൂരിലെത്തിച്ചതെന്നാണ് റിപ്പോർട്ടുകള്‍.

തിരുവനന്തപുരത്തും സമാന രീതിയിൽ വരാഹി തന്ത്രങ്ങൾ മെനഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഓരോ ജില്ലകൾക്കും ​വരാഹി പ്രത്യേക കോർഡിനേറ്റർമാരെ നിയോ​ഗിച്ചിരുന്നതായാണ് റിപ്പോർട്ട്.

അതേസമയം പൂരം കലക്കൽ വിവാദത്തിൽ എഡിജിപി അന്വേഷണം റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ചയായി. അന്വേഷണ റിപ്പോർട്ട് ആഭ്യന്തര സെക്രട്ടറി പരിശോധിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. ആഭ്യന്തര സെക്രട്ടറിയുടെ പരിശോധനയ്ക്ക് ശേഷം തുടർനടപടിയെന്നാണ് സൂചന.

റിപ്പോർട്ടിന്മേല്‍ കേസെടുത്ത് അന്വേഷിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും. പൂരം കലക്കിയതിൽ ദേവസ്വങ്ങളെ കുറ്റപ്പെടുത്തിയാണ് എഡിജിപി റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നാണ് സൂചന. പൂരം മുടക്കാൻ ശ്രമിച്ച ചിലർ പൊലീസ് നിർദേശങ്ങൾ അവഗണിച്ചതാണ് പ്രശ്‌നങ്ങൾക്കു കാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.

dot image
To advertise here,contact us
dot image