
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ 'കടും വെട്ട്' നടന്നിട്ടുണ്ടെങ്കിൽ ദൗർഭാഗ്യകരമെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരൻ. ഡബ്ല്യുസിസിയെപ്പോലെ പൊതു സമൂഹത്തിനും ഇത് പരിശോധിക്കാൻ ഉത്തരവാദിത്വമുണ്ട്. കോൺക്ലേവിൽ പരിഹാരമുണ്ടെന്ന് പ്രതീക്ഷയില്ല. സിനിമയിലെ പ്രബലർ പ്രതികരിക്കാത്തത് അംഗീകരിക്കാനാവില്ല. സിനിമയിലെ സ്ത്രീകളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള റിപ്പോർട്ടിലെ അഞ്ച് നിർദ്ദേശങ്ങളെ കുറിച്ചാണ് ചർച്ച വേണ്ടത്. എഎംഎംഎയുടെ പ്രതികരണത്തിൽ വ്യക്തിപരമായി യാതൊരു ആകാംക്ഷയുമില്ല. നാലര വർഷം റിപ്പോർട്ട് വൈകിയതിന് ഉത്തരം പറയണമെന്നും ദീദി ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അഞ്ച് പേജുകളിലെ 11 ഖണ്ഡികകൾ മുന്നറിയിപ്പില്ലാതെ സർക്കാർ ഒഴിവാക്കിയെന്ന് കണ്ടെത്തിയിരിക്കുകയാണ്. 49 മുതൽ 53 വരെ പേജുകൾ അധികമായി ഒഴിവാക്കിയതായാണ് റിപ്പോർട്ടറിന്റെ കണ്ടെത്തൽ. 97 മുതൽ 107 വരെയുള്ള 11 ഖണ്ഡികകളാണ് നീക്കിയത്. ഈ പേജുകൾ ഒഴിവാക്കുമെന്ന് അപേക്ഷകരെ അറിയിച്ചിരുന്നില്ല.
ഏറ്റവും ക്രൂരമായ ലൈംഗികാതിക്രമ വിവരങ്ങൾ ഉൾപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയത്. വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീം 21 ഖണ്ഡികകൾ ഒഴിവാക്കാനാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സർക്കാർ ആകെ 129 ഖണ്ഡികകളാണ് വെട്ടിമാറ്റിയത്. വിവരാവകാശ കമ്മീഷണർ പുറത്തുവിടാൻ ആവശ്യപ്പെട്ട വിവരങ്ങളും വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര വീഴ്ചയാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്.
വിവരാവകാശ കമ്മീഷണർ പുറത്തു വിടരുതെന്ന് നിർദ്ദേശിച്ച ഭാഗങ്ങൾ സർക്കാർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. 48ാം പേജിലെ 96ാം ഖണ്ഡിക പുറത്തുവിടരുതെന്ന് കമ്മീഷണർ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഈ ഭാഗം പുറത്തുവിട്ട റിപ്പോർട്ടിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പേജിൽ സ്വകാര്യതയിലേക്ക് വിരൽ ചൂണ്ടുന്ന വിവരങ്ങളില്ല.