കുഞ്ഞ് അവന്തിക ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി, ചുറ്റും സംഭവിച്ചതൊന്നുമറിയാതെ

കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഉരുള്പ്പൊട്ടലില് അവന്തികയുടെ അച്ഛനും അമ്മയും ഏട്ടനും അടക്കം കുടുംബത്തിലെ അഞ്ച് പേര് മരിച്ചു.

dot image

മുണ്ടക്കൈ ദുരന്തം അനാഥത്വം വിതച്ചത് കുഞ്ഞ് അവന്തികയുടെ ജീവിതത്തില് കൂടിയാണ്. ഉരുള്പൊട്ടലില് നിന്നും പരിക്കുകളോടെ രക്ഷപ്പെട്ട് വിംസ് ആശുപത്രിയില് ചികിത്സയില് കഴിയുകയാണ് എട്ട് വയസ്സുകാരി അവന്തിക. ബോധം തെളിഞ്ഞപ്പോള് ആദ്യം തിരക്കിയത് അച്ഛനെയും അമ്മയെയും. പക്ഷെ ചുറ്റും നില്ക്കുന്നവര്ക്ക് അവന്തികയുടെ ചോദ്യത്തിന് മുന്നില് മരവിച്ചുനില്ക്കുകയല്ലാതെ ഉത്തരം നല്കാനുള്ള ശേഷിയുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ ഉരുള്പ്പൊട്ടലില് അവന്തികയുടെ അച്ഛനും അമ്മയും ഏട്ടനും അടക്കം കുടുംബത്തിലെ അഞ്ച് പേര് മരിച്ചു. നാല് പേരെ കാണാതായി. കലങ്ങിയൊലിച്ചെത്തിയ ഉരുള്പ്പൊട്ടലില് നിന്നും രക്ഷപ്പെടാന് ജീവനുംകൊണ്ടോടിയ ആരോ എടുത്തോടിയതുകൊണ്ടു മാത്രം ബാക്കിയായതാണ് ഈ കുഞ്ഞുജീവന്. അതിനിടെ ഇരു കാലിനും കണ്ണിനും പരിക്കേറ്റു. നിലവില് വിംസ് ആശുപത്രിയില് ചികിത്സയിലാണ്. വാര്ത്ത കണ്ടെത്തിയ ബന്ധുക്കളാണ് ആശുപത്രിയില് അവന്തികയ്ക്കൊപ്പമുള്ളത്.

പുലര്ച്ചെ 2 മണിക്കാണ് അപകടം ഉണ്ടായതെന്നും അവിടെ നിന്നും രക്ഷപ്പെട്ട് ഓടുന്നവരാണ് കുഞ്ഞിനെ രക്ഷിച്ചതെന്നും അവന്തികയുടെ ബന്ധു പറഞ്ഞു. നാളെ അവന്തികയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കും. പുഴയുടെ തൊട്ടടുത്താണ് അവന്തികയുടെ വീട്.

dot image
To advertise here,contact us
dot image