
ചെന്നൈ: വയനാട് മുണ്ടക്കൈ ഉരുള്പൊട്ടലില് അനുശോചനം രേഖപ്പെടുത്തി തമിഴ് നടന് വിജയ്. അപകടത്തില് അഗാധമായ ദുഃഖമുണ്ടെന്നും ദുരിതബാധിതരുടെ കുടുംബങ്ങള്ക്കൊപ്പം തന്റെ പ്രാര്ത്ഥനകളുണ്ടെന്നും വിജയ് അറിയിച്ചു. തന്റെ പാര്ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക എക്സ് പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുള്പൊട്ടല് അപകടത്തില് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. എന്റെ ചിന്തകളും പ്രാര്ത്ഥനകളും ദുഃഖിതരായ കുടുംബങ്ങള്ക്കൊപ്പമാണ്. ദുരിതബാധിതര്ക്ക് ആവശ്യമായ രക്ഷാപ്രവര്ത്തനങ്ങളും ദുരിതാശ്വാസ നടപടികളും യുദ്ധകാലാടിസ്ഥാനത്തില് നല്കണമെന്ന് സര്ക്കാര് അധികാരികളോട് അഭ്യര്ത്ഥിക്കുന്നു', വിജയ് എക്സില് കുറിച്ചു.
Deeply saddened on hearing the tragic news of landslide #Wayanad, #Kerala.
— TVK Vijay (@tvkvijayhq) July 30, 2024
My thoughts and prayers are with the bereaved families.
Request the Government authorities that the necessary rescue and relief measures be provided to the affected on a war-footing.
വയനാട് മുണ്ടക്കൈ ഉരുള്പൊട്ടല് സാഹചര്യത്തില് നേരത്തെ തന്നെ തമിഴ്നാട് സര്ക്കാര് ധനസഹായം പ്രഖ്യാപിച്ചിരുന്നു. അഞ്ചു കോടി രൂപയാണ് തമിഴ്നാട് സര്ക്കാര് കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്ത്തന സംഘത്തെയും മെഡിക്കല് സംഘത്തെയും കേരളത്തിലേക്ക് അയയ്ക്കുന്നുണ്ടെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അറിയിച്ചത്.
'വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ തമിഴ്നാട് പങ്കുചേരുന്നു. രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി ഞങ്ങൾ അഞ്ചു കോടി രൂപ നൽകുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളെ സഹായിക്കാൻ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കൽ സംഘത്തെയും ഫയർ & റെസ്ക്യൂ സർവീസസ് ടീമിനെയും അയയ്ക്കുന്നുണ്ട്' എന്നാണ് എം കെ സ്റ്റാലിൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും തമിഴ്നാടിന്റെ പിന്തുണയും ദുരിതത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും എം കെ സ്റ്റാലിൻ അറിയിച്ചു.
'മലയാളി സഹോദരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു'; അഞ്ചു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട്അതേസമയം മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ 119 ആയി. 51 പേരുടെ പോസ്റ്റ്മോര്ട്ടം നടപടികള് പൂര്ത്തീകരിച്ചു. താത്ക്കാലിക ആശുപത്രി പ്രവര്ത്തനമാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്ട്ടം വേഗത്തിലാക്കാന് കൂടുതൽ ഡോക്ടർമാരെ നിയോഗിച്ചു. കോഴിക്കോട് നിന്നുള്ള ഫോറന്സിക് ഡോക്ടര്മാരുടെ പ്രത്യേക സംഘവും വയനാട്ടിലെത്തും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള് കണ്ടെത്താൻ ഡിഎൻഎ പരിശോധനക്ക് ക്രമീകരണം ഏർപ്പെടുത്തി. അധിക മോര്ച്ചറി സൗകര്യങ്ങളും മൊബൈല് മോര്ച്ചറി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്.