ജോലി ഭാരവും സൗകര്യക്കുറവും; ഹൈറിച്ച് തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ ബുദ്ധിമുട്ട് അറിയിച്ച് സിബിഐ

ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് സംസ്ഥാന സർക്കാർ ഹൈറിച്ച് കേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്

dot image

കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുക്കാൻ ബുദ്ധിമുട്ടറിയിച്ച് സിബിഐ. ജോലിഭാരവും സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് കേസ് ഏറ്റെടുക്കാൻ ബുദ്ധിമുട്ടുള്ളതായി അറിയച്ചതിന്റെ കാരണമായി സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് സംസ്ഥാന സർക്കാർ ഹൈറിച്ച് കേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്രം ഇക്കാര്യത്തിൽ കൊച്ചി ഓഫീസിനോട് വിശദീകരണം തേടുകയായിരുന്നു.

ഇത്തരത്തിലുള്ള വലിയ സാമ്പത്തിക തട്ടിപ്പുകളുടെ ആധിക്യം മൂലം ഇതിനകം തന്നെ ബുദ്ധിമുട്ടുകയാണെന്നാണ് കൊച്ചി ഓഫീസ് അറിയിച്ചത്. തങ്ങൾക്കെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്യാൻ അനുവദിക്കരുതെന്നും നിലവിലെ കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി ഉടമകളായ കെ ഡി പ്രതാപനും, ഭാര്യ ശ്രീനയും സമർപ്പിച്ച ഹർജിയിലാണ് സിബിഐ നിലപാട് അറിയിച്ചത്. ഹർജി അടുത്ത മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ മണി ചെയിന്‍ മാതൃകയില്‍ 1600 കോടിയുടെ തട്ടിപ്പ് നടന്നെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, തട്ടിപ്പിന് അതിനും വലിയ വ്യാപ്തി ഉണ്ടെന്നാണ് ഇഡിയുടെ വിലയിരുത്തല്‍. ഹൈറിച്ച് എംഡി കെ ഡി പ്രതാപന്‍, ഭാര്യ സീന പ്രതാപന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.

പ്രതികള്‍ ആളുകളില്‍ നിന്ന് സ്വകീരിച്ചത് 3141 കോടിയുടെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നും നിക്ഷേപകരുണ്ട്. അന്തര്‍ ദേശീയ ഇടപാട് നടന്നിട്ടുണ്ടോയെന്ന പൊലീസ് അന്വേഷണത്തിനിടയിലാണ് കേസ് കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്.

Also Read:

dot image
To advertise here,contact us
dot image