
തിരുവനന്തപുരം: ജി ജയരാജിന് സി-ഡിറ്റ് ഡയറക്ടർ ആയി വീണ്ടും നിയമനം. ഇത് സംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. ജൂലൈ ഏഴിന് കാലാവധി കഴിഞ്ഞിട്ടും ജി ജയരാജ് ഡയറക്ടർ സ്ഥാനത്ത് തുടർന്നതും ഔദ്യോഗിക വാഹനം ഉപയോഗിച്ചതും റിപ്പോർട്ടർ ടി വി പുറത്ത് വിട്ടതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. ജൂലൈ ഏഴിന് ഡയറക്ടറായുള്ള സേവനകാലാവധി അവസാനിച്ച ജയരാജിനെ ജൂലൈ 11ന് വൈകിട്ടാണ് റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെ ഡയറക്ടർ സ്ഥാനത്ത് വീണ്ടും നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്. സിപിഐഎം നേതാവ് ടിഎൻ സീമയുടെ പങ്കാളിയാണ് ജി ജയരാജ്.
വിരമിച്ചതിനുശേഷമാണ് മൂന്നുവർഷം മുമ്പ് ജയരാജിനെ സർക്കാർ സി-ഡിറ്റ് ഡയറക്ടർ ആക്കി നിയമിച്ചത്. സിഡിറ്റിൽ നേരത്തെ ബന്ധു നിയമനവിവാദം ഉയർന്നുവന്നിരുന്നു. ജീവനക്കാരികൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. തിരുവല്ലം പൊലീസാണ് കേസെടുത്തത്.
ഉത്തരവ് ലഭിക്കുമെന്ന ഉറപ്പിലാണ് കാലാവധി കഴിഞ്ഞിട്ടും ജയരാജ് ജോലിയിൽ തുടരുന്നത്. കഴിഞ്ഞ വർഷം ജൂലായിൽ ജി ജയരാജിനെ ഡയറക്ടറാക്കിക്കൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നു. ഇത് പ്രകാരം ഒരു വർഷത്തേക്കായിരുന്നു കാലാവധി.