കോട്ടക്കൽ നഗരസഭാ ഭരണം തിരിച്ചുപിടിച്ച് മുസ്ലിം ലീഗ്; ഡോ. ഹനീഷ നഗരസഭ ചെയർപേഴ്സൺ

നേരത്തെ മുസ്ലിം ലീഗ് വിമതർ ഇടതുപക്ഷത്തിൻ്റെ പിന്തുണയോടെ ഇവിടെ നഗരസഭാ ഭരണം പിടിച്ചിരുന്നു

dot image

മലപ്പുറം: കോട്ടക്കൽ നഗരസഭാ ഭരണം തിരിച്ചുപിടിച്ച് മുസ്ലിം ലീഗ്. ഏഴിനെതിരെ ഇരുപത് വേട്ടുകൾക്ക് മുസ്ലിം ലീഗിലെ ഡോ. ഹനീഷ നഗരസഭ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു ഇടതുപക്ഷ സ്വതന്ത്രൻ്റെ പിന്തുണയും ഹഷീനയ്ക്ക് ലഭിച്ചു. ഒൻപതാം വാർഡ് അംഗം ഫഹദ് നരിമടയ്ക്കലാണ് മുസ്ലിം ലീഗിന് വോട്ട് ചെയ്തത്. എൽഡിഎഫ് കൗൺസിലർ അടാട്ടിൽ റഷീദ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. മുസ്ലിം ലീഗിലെ വിമത നീക്കങ്ങൾക്ക് പരിഹാരമായതോടെ ഇടതുപിന്തുണയോടെ തിരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൻ മുഹ്സിന പൂവന്മഠത്തിലും വൈസ് ചെയർമാൻ പി പി ഉമ്മറും രാജിവെച്ചിരുന്നു. ഇതേ തുടർന്നാണ് ഇവിടെ വീണ്ടും തിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

നേരത്തെ മുസ്ലിം ലീഗ് വിമതർ ഇടതുപക്ഷത്തിൻ്റെ പിന്തുണയോടെ ഇവിടെ നഗരസഭാ ഭരണം പിടിച്ചിരുന്നു. മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടർന്ന് കോട്ടക്കൽ നഗരസഭ ചെയർപേഴ്സണായിരുന്ന ബുഷ്റ ഷബീർ രാജിവെച്ചതിനെ തുടർന്നാണ് മുസ്ലിം ലീഗ് വിമതർ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് ഭരണം പിടിച്ചത്. ചെയർപേഴ്സണും, വൈസ് ചെയർമാനും ഏകാധിപത്യ നിലപാട് സ്വീകരിക്കുന്നുവെന്നായിരുന്നു ഒരു വിഭാഗം ലീഗ് കൗൺസിലർമാരുടെ വിമർശനം. ഇതേ തുടർന്നായിരുന്നു ബുഷ്റയുടെ രാജി. ഇതിന് പിന്നാലെ നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ എല്ഡിഎഫ് പിന്തുണച്ച ലീഗ് കൗൺസിലര് മുഹ്സിന പൂവൻമഠത്തിൽ പുതിയ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 13 നെതിരെ 15 വോട്ടുകൾക്കായിരുന്നു അന്ന് മുഹ്സിന പൂവൻമഠത്തിലിന്റെ വിജയം. ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥി ഡോ ഹനീഷയെ പരാജയപ്പെടുത്തിയായിരുന്നു മുഹ്സിനയുടെ വിജയം.

ഇതിന് പിന്നാലെ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി വിമതപക്ഷവുമായി നടത്തിയ അനുരഞ്ജന നീക്കത്തെ തുടർന്ന് മുസ്ലിംലീഗ് കോട്ടക്കല് മുനിസിപ്പല് കമ്മിറ്റി പിരിച്ച് വിടാൻ തീരുമാനിക്കുകയായിരുന്നു. പിന്നാലെ ഇടതുപക്ഷ പിന്തുണയിൽ തിരഞ്ഞെടുക്കപ്പെട്ട ലീഗ് വിമതർ ചെയര്പേഴ്സണ്, വൈസ് ചെയര്മാന് സ്ഥാനങ്ങൾ രാജിവെക്കാൻ സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് കോട്ടക്കൽ നഗരസഭാ ഭരണസമിതിയിൽ വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇടതുപക്ഷവും ലീഗ് വിമതപക്ഷവും തമ്മിലുള്ള മുന്നണി ബന്ധം ഒരാഴ്ച മാത്രമാണ് നീണ്ടു നിന്നത്.

dot image
To advertise here,contact us
dot image