
മലപ്പുറം: കോട്ടക്കൽ നഗരസഭയിൽ അട്ടിമറി. ലീഗിന് ഭൂരിപക്ഷമുള്ള നഗരസഭയിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ലീഗ് വിമത സ്ഥാനാർഥിയെ ചെയർപേഴ്സൺ ആയി തിരഞ്ഞെടുത്തു. എല്ഡിഎഫ് പിന്തുണച്ച ലീഗ് കൗൺസിലര് മുഹ്സിന പൂവൻമഠത്തിൽ ആണ് പുതിയ ചെയർപേഴ്സൺ. നഗരസഭാധ്യക്ഷയായിരുന്ന ലീഗിന്റെ ബുഷ്റ ഷബീർ രാജിവെച്ചതിനെ തുടര്ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്.
13 നെതിരെ 15 വോട്ടുകൾക്കായിരുന്നു മുഹ്സിന പൂവൻമഠത്തിലിന്റെ വിജയം. ലീഗിൻ്റെ ഔദ്യോഗിക സ്ഥാനാർഥി ഡോ ഹനീഷ പരാജയപ്പെട്ടു. മുസ്ലിം ലീഗിലെ വിഭാഗീയതയെ തുടർന്ന് കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷബീർ രാജി വെച്ചിരുന്നു. പ്രാദേശിക നേതൃത്വവുമായുള്ള തർക്കമാണ് രാജിക്ക് കാരണം.
പാർട്ടി ആവശ്യപ്പെട്ടതുപ്രകാരമാണ് രാജി വെച്ചതെന്ന് ബുഷ്റ ഷബീർ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. പാർട്ടി മാറി നില്ക്കാൻ പറഞ്ഞു. എന്തുകൊണ്ടാണെന്ന് അറിയില്ല. രാജിയെന്ന ധാരണയൊന്നും പാർട്ടി നേരത്തെ പറഞ്ഞതല്ല. മാനസിക പ്രയാസമുണ്ടാക്കുന്ന അധിക്ഷേപ പ്രചാരണം തനിക്കെതിരെ ഉണ്ടായതായും ബുഷ്റ പറഞ്ഞു.