റിപ്പോർട്ടർ ഇംപാക്ട്: സലീന വീടുവിട്ടിറങ്ങേണ്ട; കടബാധ്യത ഏറ്റെടുത്ത് വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ

സലീനയ്ക്ക് വീട് വിട്ടിറങ്ങേണ്ടി വരില്ല. അതിനുള്ള സാഹചര്യം ഉണ്ടാക്കുമെന്ന് വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ

dot image

മലപ്പുറം: വീട് ബാങ്ക് ജപ്തി ചെയ്ത മലപ്പുറം പാതിരിപ്പാടത്തെ സലീനയുടെ കടബാധ്യത ഏറ്റെടുത്ത് നിലമ്പൂർ പാലേമാട് വിവേകാനന്ദ ട്രസ്റ്റ് ചെയർമാൻ കെ ആർ ഭാസ്കരൻ പിള്ള. ലോൺ തുകയായ നാല് ലക്ഷം രൂപ നൽകും. ബാക്കി തുക സമാഹരിച്ചു നൽകുമെന്നും ഭാസ്കരൻ പിള്ള പറഞ്ഞു. റിപ്പോർട്ടർ ടിവി വാർത്തയെ തുടർന്നാണ് നടപടി. വിവരം ബാങ്കിനെ അറിയിച്ചിട്ടുണ്ട്. അവർക്ക് വീട് വിട്ടിറങ്ങേണ്ടി വരില്ല. സ്വന്തം വീട്ടിൽ തന്നെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കും. ജീവിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും ഭാസ്ക്കരപിള്ള റിപ്പോർട്ടറിനോട് പറഞ്ഞു.

അതേസമയം സലീനയുടെ ദുരിതാവസ്ഥ പുറത്തുവന്നതിന് പിന്നാലെ മലപ്പുറം പാതിരിപ്പാടത്തെ സലീനയുടെ ജപ്തി ചെയ്ത വീടിന്റെ താക്കോൽ നിലമ്പൂർ സഹകരണ അർബൻ ബാങ്ക് തിരികെ നൽകി. ലോണടയ്ക്കാൻ സാവകാശം നൽകിയതോടെ സലീനയും മകനും തിരികെ വീട്ടിൽ പ്രവേശിച്ചു. തുകയിൽ ഇളവ് നൽകുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു. റിപ്പോർട്ടർ വാർത്തയെ തുടർന്നാണ് നടപടി. റിപ്പോർട്ടർ ടിവിയിലെ കോഫീ വിത്ത് അരുൺ മോർണിങ്ങ് ഷോയിലെ ലൈവ് ചാറ്റിൽ നിരവധി ആളുകൾ സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു.

നിലമ്പൂർ സഹകരണ അർബൻ ബാങ്ക് അധികൃതർ പാതിരപ്പാടത്തെ വീട്ടിൽ നേരിട്ടെത്തിയാണ് താക്കോൽ കൈമാറിയത്. ബാങ്കിൽ അടക്കേണ്ട തുകയിൽ ഇളവും നൽകി. മക്കളുടെ വിവാഹത്തിനായി 2015 ലാണ് സലീന നാലു ലക്ഷം രൂപ വായ്പയെടുത്തത്. ഇതിനിടയിൽ വീണ് ഇടതുകാൽമുട്ട് ഒടിഞ്ഞതോടെ ജോലിക്കു പോകാൻ കഴിയാതെയായി. ബാങ്ക് അടവും മുടങ്ങി. പിഴപ്പലിശ ബാങ്ക് ഒഴിവാക്കിയിട്ടും ആറരലക്ഷം രൂപ അടയ്ക്കാനുണ്ടായിരുന്നു.

മാധ്യമങ്ങളുടെ ഇടപെടലിലാണ് സഹായം ലഭിച്ചതെന്ന് സെലീന റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. 'വലിയ സന്തോഷമുണ്ട്. സഹായിച്ച എല്ലാവർക്കും നന്ദിയുണ്ട്. ഇപ്പോൾ ജീവിക്കണം എന്ന് തോന്നുന്നു'; സെലീന പറഞ്ഞു. സഹായം നൽകിയ ഭാസ്ക്കരൻ പിള്ളയെ നേരിട്ട് കണ്ട് നന്ദി അറിയിക്കുമെന്നും വൈകീട്ട് കാണാൻ പോകുമെന്നും സെലീന പറഞ്ഞു. സമാധാനത്തോടെ ഇന്ന് വീട്ടിൽ കിടക്കും സെലീന പ്രതികരിച്ചു.

dot image
To advertise here,contact us
dot image