

തൃശൂർ: അജിത് പവാറിന്റെ കൂടെയുളള നേതാക്കന്മാരുടെ എണ്ണം പാർട്ടിയെ ബാധിക്കില്ലെന്ന് എൻസിപി നേതാവ് പി സി ചാക്കോ. ശരദ് പവാറിന്റെ പേരിലാണ് എൻസിപി നിലനിൽക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പാർട്ടി കൃത്യമായി തന്നെ മുന്നോട്ട് പോകും. ശരദ് പവാറിനെ ദുർബലനാക്കാനുളള അണിയറ പ്രവർത്തനങ്ങൾ കുറേ ദിവസങ്ങളായി നടക്കുന്നുണ്ടായിരുന്നു. നേതാക്കന്മാർക്ക് സ്ഥാനമാനങ്ങളും പണവും ഓഫർ ചെയ്യുന്ന അവസ്ഥകളുണ്ടായിട്ടുണ്ട്. ഇതൊന്നും എൻസിപിയെ ബാധിക്കുന്നില്ലെന്നും പിസി ചാക്കോ പറഞ്ഞു. അജിത് പവാർ പാർട്ടി വിട്ട് ഷിൻഡെ പക്ഷത്തേക്ക് ചേക്കേറിയ പശ്ചാത്തലത്തിലാണ് പിസി ചാക്കോയുടെ പ്രതികരണം.
ഉദ്ദവ് താക്കറെയുടെ ഭാഗത്ത് നിന്ന് മഹാഭൂരിപക്ഷം എംഎൽഎമാരും പോയി. പക്ഷേ ജനങ്ങളെല്ലാവരും ഉദ്ദവ് താക്കറെയ്ക്കൊപ്പമാണ്. എൻസിപിയുടെ പര്യായ പദമാണ് ശരദ് പവാർ. ശരദ് പവാറിന്റെ പാർട്ടിയിൽ നിന്ന് ഇപ്പോൾ ഷിൻഡെ പക്ഷത്തേക്ക് പോയിരിക്കുന്ന ആളുകൾ ഇതിന് മുമ്പും മറ്റ് പാർട്ടികളിലേക്ക് പോകുകയും സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തവരാണ്. പിന്നീട് അവിടെ നിന്ന് തിരിച്ചുവരുകയും ചെയ്തു. അജിത് പവാറിന്റെ ചാഞ്ചാട്ടം പുതിയൊരു കാര്യമല്ലെന്നും പിസി ചാക്കോ കൂട്ടിച്ചേർത്തു.
ശരദ് പവാർ രാജി സന്നദ്ധത അറിയിച്ച സമയത്ത് എൻസിപി മഹാരാഷ്ട്രയിൽ ചർച്ച നടത്തിയിരുന്നു. അന്ന് തന്നെ പാർട്ടി വിട്ട് പോകാൻ താത്പര്യം പ്രകടിപ്പിച്ച വ്യക്തിയാണ് അജിത് പവാർ. അധികാരത്തിന് താൽപര്യമുളള വ്യക്തികൾ അതിലേക്ക് എത്താനുളള കുറുക്കുവഴികൾ തേടുന്നത് സ്വാഭാവികമാണ്. മുമ്പ് പാർട്ടിയിലേക്ക് പശ്ചാത്തപിച്ച് കയറി വന്നയാളാണ് അജിത് പവാറെന്നും പിസി ചാക്കോ കുറ്റപ്പെടുത്തി.
അജിത് പവാറിന്റെ കൂടെയുളള നേതാകന്മാരുടെ എണ്ണമൊന്നും പ്രശ്നമല്ല. 53 എംഎൽഎമാരുളള പാർട്ടിയാണ് മഹാരാഷ്ട്രയിലെ എൻസിപി. അതിന്റെ ഏക കാരണക്കാരൻ ശരദ് പവാറാണ്. വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ എൻസിപിക്ക് തന്നെയായിരിക്കും ജനപിന്തുണ.
ബിജെപിക്കെതിരായ ഒരു മുന്നണി രൂപീകരിക്കുന്നതിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്നയാളാണ് ശരദ് പവാർ. ബെംഗളൂരുവിൽ ചേരാൻ പോകുന്ന പ്രതിപക്ഷ പാർട്ടികളുടെ നേതൃസമ്മേളനത്തിൽ ശരദ് പവാർ തന്നെയായിരിക്കും മുഖ്യമായ നേതൃത്വം കൊടുക്കുന്ന ആളുകളിലൊരാൾ. ദുർബല പ്രതിപക്ഷമല്ല മഹാരാഷ്ട്രയിലേതെന്നും പിസി ചാക്കോ വ്യക്തമാക്കി.
എൻസിപി കേരള ഘടകം ഒറ്റക്കെട്ടായി ശരദ് പവാറിനൊപ്പം നിൽക്കുമെന്ന് പാർട്ടി നേതാവും മന്ത്രിയുമായ ഏ കെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. അജിത് പവാറിന്റേത് അധികാര രാഷ്ട്രീയമാണ്. അജിത് പവാറിനൊപ്പം കേരളത്തിൽ നിന്ന് ആരുമില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. അതേസമയം അജിത് പവാറിന്റെ നീക്കത്തെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് എൻസിപി അധ്യക്ഷൻ ശരദ് പവാറിന്റെ പ്രതികരണം. എംഎൽഎമാരുടെ യോഗം വിളിക്കാൻ അജിത് പവാറിന് അധികാരമുണ്ടെന്നും ശരദ് പവാർ പറഞ്ഞിരുന്നു.
മറുകണ്ടം ചാടിയ അജിത് പവാറിനൊപ്പം 40 എംഎൽഎമാർ ഉണ്ടെന്നാണ് റിപ്പോർട്ട്. ഇക്കാര്യം മഹാരാഷ്ട്ര വനം മന്ത്രി സുധീർ മുൻഗാന്റിവാറും അവകാശപ്പെട്ടിട്ടുണ്ട്. എൻസിപിയിലെ എല്ലാ നേതാക്കന്മാരും ഷിൻഡെ പക്ഷത്തേക്ക് വരും. അജിത് പവാറിനൊപ്പം വന്ന ഒരോ നേതാക്കന്മാർക്കും ഏക്നാഥ് ഷിൻഡെ വീതം വെച്ച് നൽകുമെന്നും സുധീർ മുൻഗാന്റിവാർ പറഞ്ഞു. 29 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് ഒപ്പുവെച്ചിട്ടുളള കത്ത് തന്റെ പക്കലുണ്ടെന്ന് പവാർ അവകാശപ്പെട്ടിരുന്നു. 40 എംഎൽഎമാരും ആറ് എംഎൽസിമാരും അദ്ദേഹത്തിനൊപ്പമുണ്ടെന്നും റിപ്പോർട്ടുണ്ട്.