കൊച്ചിയെ തലസ്ഥാനമാക്കണമെന്ന് ഹൈബി ഈഡൻ; നടക്കില്ലെന്ന് സർക്കാർ

'സംസ്ഥാന രൂപീകരണം മുതൽ തലസ്ഥാനം തിരുവനന്തപുരമാണ്'

കൊച്ചിയെ തലസ്ഥാനമാക്കണമെന്ന് ഹൈബി ഈഡൻ; നടക്കില്ലെന്ന് സർക്കാർ
dot image

ന്യൂഡൽഹി: കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന് ഹൈബി ഈഡൻ എംപി. കഴിഞ്ഞ മാർച്ചിൽ പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ സംസ്ഥാന സർക്കാർ ഈ ആവശ്യത്തെ തളളി. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് സർക്കാർ പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ അഭിപ്രായം തേടിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ പ്രതികരണം.

അടിയന്തരമായി ഇക്കാര്യത്തിൽ മറുപടി അറിയിക്കണമെന്ന് കേന്ദ്രം സംസ്ഥാന സർക്കാരിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രതികരണം ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുളളൂവെന്നും കത്തിൽ പറഞ്ഞിരുന്നു.

സംസ്ഥാന രൂപീകരണം മുതൽ തലസ്ഥാനം തിരുവനന്തപുരമാണ്. അവിടെ അതിനുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയിൽ ഇനിയും വികസിക്കാനുളള സാധ്യതകൾക്ക് സ്ഥലപരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും. തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോൾ ഇല്ലെന്നും സർക്കാർ വിലയിരുത്തലുണ്ട്.

അതേസമയം ഇത്തരമൊരു നിലപാട് കോൺഗ്രസ് സ്വീകരിച്ചിട്ടില്ലെന്ന് അടൂർ പ്രകാശ് എംപി വ്യക്തമാക്കി. ഇത് സംബന്ധിച്ച് പാർട്ടിക്കകത്ത് ചർച്ച ഉണ്ടായിട്ടില്ല. തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നത് എളുപ്പമല്ല. അതിന് വേണ്ടി ശ്രമിക്കുന്നതും ശരിയല്ല. തുടക്കം മുതലേ തിരുവനന്തപുരമാണ് തലസ്ഥാനം. അത് ഒരു സുപ്രഭാതത്തിൽ മാറ്റുന്നത് ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് തോന്നുന്നില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

dot image
To advertise here,contact us
dot image