വിവരങ്ങൾ ചോർത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കും: ആയുധങ്ങൾക്ക് ക്ഷാമമുണ്ടെന്ന റിപ്പോർട്ട് തള്ളി ഡോണൾഡ് ട്രംപ്

അമേരിക്കൻ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് സിബിസി ന്യൂസും വാഷിങ്ടൺ പോസ്റ്റും അമേരിക്കയുടെ ആയുധ ശേഖരത്തിൽ കുറവ് വന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു

വിവരങ്ങൾ ചോർത്തുന്നവരെ കണ്ടെത്തി ശിക്ഷിക്കും: ആയുധങ്ങൾക്ക് ക്ഷാമമുണ്ടെന്ന റിപ്പോർട്ട് തള്ളി ഡോണൾഡ് ട്രംപ്
dot image

വാഷിങ്ടൺ: അമേരിക്കയ്ക്ക് ആയുധങ്ങളുടെ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇത്തരം വിവരങ്ങൾ ചോർത്തി നൽകിയവരെ കണ്ടെത്തി ദീർഘകാല തടവുശിക്ഷ ഉറപ്പാക്കുമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ കൈവശം വൻതോതിൽ ആയുധങ്ങളുണ്ട്. ആവശ്യമായവ വലിയ തോതിൽ നിർമ്മിക്കുകയും ഇറക്കുമതി ചെയ്യേണ്ടവ രാജ്യത്തേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. രാജ്യദ്രോഹപരമായ ഇത്തരം വിവരങ്ങൾ ചോർത്തിയവരെ കണ്ടെത്തുമെന്നും അവർക്ക് ദീർഘകാല തടവുശിക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. അമേരിക്കൻ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് സിബിസി ന്യൂസും വാഷിങ്ടൺ പോസ്റ്റും അമേരിക്കയുടെ ആയുധ ശേഖരത്തിൽ കുറവ് വന്നതായി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ട്രംപ് രംഗത്ത് വന്നിരിക്കുന്നത്. അമേരിക്കയുടെ മിസൈൽ ശേഖരത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നവയാണ്. പെന്റഗണിൽ നിന്ന് മാധ്യമങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നത് കർശനമായി നിയന്ത്രിക്കുന്ന നടപടികൾ പ്രതിരോധ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിന് പിന്നാലെ ഹെഗ്സെത്ത് സ്വീകരിച്ചിരുന്നു.



അമേരിക്കയുടെ ദീർഘദൂര മിസൈലുകളുടെ ആഗോള ശേഖരത്തിന്റെ വലിയൊരു ഭാഗം ഇതിനകം വിനിയോഗിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു നേരത്തെ സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. വിഷയത്തിൽ നേരിട്ടുള്ള അറിവുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ടെന്ന് സിബിഎസ് ന്യൂസ് വ്യക്തമാക്കിയിരുന്നു. ആയുധക്ഷാമ സാധ്യതയെക്കുറിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് ട്രംപ് കഴിഞ്ഞ ആഴ്ച വിശദീകരണം തേടിയതായി പേരുവെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റും റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയുടെ കൈവശം 759 മുതൽ 827 വരെ പാട്രിയറ്റ് മിസൈലുകൾ മാത്രമാണ് ശേഷിക്കുന്നതെന്നായിരുന്നു പൊതുവായി ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി സെൻ്റർ ഫോർ സ്ട്രാറ്റജിക് ഇൻ്റർനാഷണൽ സ്റ്റഡീസ് (CSIS) ജൂലൈ അവസാനത്തോടെ നടത്തിയ വിലയിരുത്തൽ. യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇത് 2,330 ആയിരുന്നുവെന്നും സെൻ്റർ ഫോർ സ്ട്രാറ്റജിക് ഇൻ്റർനാഷണൽ സ്റ്റഡീസ് ചൂണ്ടിക്കാണിച്ചിരുന്നു. ആക്രമണങ്ങളെ തടയാൻ വിന്യസിക്കുന്ന THAAD മിസൈലുകളുടെ ഏകദേശം 60 ശതമാനവും ഇതിനകം ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു മുൻ മറൈൻ കോർപ്സ് കേണലും CSIS-ലെ മുതിർന്ന ഉപദേഷ്ടാവുമായ മാർക്ക് കാൻഷ്യൻ വെളിപ്പെടുത്തിയത്.

ഇറാനുമായുള്ള യുദ്ധം ആറാം മാസത്തിലേക്ക് കടന്നതോടെയാണ് അമേരിക്കയുടെ സൈനിക ആയുധശേഖരത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർന്നിരിക്കുന്നത്. നിർമ്മിക്കാൻ ഏറെ സമയം എടുക്കുന്ന അത്യാധുനിക മിസൈലുകൾ വലിയ തോതിൽ ഉപയോ​ഗിക്കപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോർട്ടുകൾ ചൂണ്ടിക്കാണിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ അയുധശേഖരത്തിൽ വലിയ കുറവുണ്ടായി എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. എന്നാൽ ഇറാനെതിരായ യുദ്ധത്തിൽ നിർമിക്കാൻ ഏറെ സമയമെടുക്കുന്ന അത്യാധുനിക മിസൈലുകൾ വലിയ തോതിൽ ഉപയോഗിക്കപ്പെട്ടെങ്കിലും അമേരിക്കയുടെ മിസൈൽ ശേഖരം ഇപ്പോഴും ശക്തമാണെന്നാണ് ട്രംപ് ഭരണകൂടം ആവർത്തിക്കുന്നത്.

ലോകത്തിലെ ഏത് രാജ്യത്തേക്കാളും കൂടുതൽ ആയുധങ്ങൾ അമേരിക്കയുടെ കൈവശമുണ്ട്. ഞങ്ങൾക്ക് ആവശ്യത്തിനേക്കാളും കൂടുതലാണ് ശേഖരം എന്നായിരുന്നു കഴിഞ്ഞ മാസം വാൾ സ്ട്രീറ്റ് ജേ‍ർണലിനോട് ട്രംപ് വ്യക്തമാക്കിയത്. ആയുധശേഖരത്തിൽ ക്ഷാമമുണ്ടെന്ന റിപ്പോർട്ടുകളെ 'കൃത്രിമമായി സൃഷ്ടിച്ച കഥ' എന്നായിരുന്നു ജൂൺ 14-ന് സിബിഎസിൻ്റെ ഫേസ് ദ നേഷൻ പരിപാടിയിൽ സംസാരിക്കവെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്. കൂടുതൽ ആയുധങ്ങൾ അതിവേഗം നിർമ്മിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഹെഗ്സെത്ത് വ്യക്തമാക്കിയിരുന്നു. സൈനികരുടെ ശമ്പളത്തിനും വെടിക്കോപ്പുകളും സൈനിക ഉപകരണങ്ങളും അതിവേഗം പുനഃശേഖരിക്കുന്നതിനുമായി 87 ബില്യൺ ഡോളർ അടിയന്തര ഫണ്ട് അനുവദിക്കണമെന്ന് കഴിഞ്ഞ മാസം പീറ്റ് ഹെഗ്സെത്ത് അമേരിക്കൻ സെനറ്റിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

Content Highlights: Donald Trump denied reports of a US munitions shortage, asserting that military stockpiles remain strong and warning that those responsible for leaking information could face long-term prison sentences.

dot image
To advertise here,contact us
dot image