

ടെഹ്റാൻ: ഹോർമൂസിലെ യുഎസിൻ്റെ നാവിക ഉപരോധം ഇറാനുമായുള്ള ചർച്ചയ്ക്ക് വെല്ലുവിളിയാകുന്നുവെന്ന് പാകിസ്‌താൻ സൈനിക മേധാവി അസിം മുനീർ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ അറിയിച്ചതായി റിപ്പോർട്ട്. ഫോൺ സംഭാഷണത്തിലാണ് അസിം മുനീർ ട്രംപിനെ ഇക്കാര്യം അറിയിച്ചത്.
ഇതിൻ്റെ പശ്ചാത്തലത്തിൽ സൈനിക ഉപരോധം പിൻവലിച്ചേക്കുമെന്ന് ട്രംപ് അസിം മുനീറിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. ഇറാനും യുഎസും തമ്മിലുള്ള രണ്ടാംഘട്ട ചർച്ച എങ്ങുമെത്താത്തതിന് പിന്നിൽ യുഎസ് ഹോർമൂസിൽ തീർത്ത ഉപരോധമാണെന്നും അസിം മുനീർ ചൂണ്ടിക്കാട്ടിയതായാണ് വിവരം. പാകിസ്താൻ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സൈനിക ഉപരോധം നീക്കിയതായി യുഎസ് പ്രഖ്യാപിച്ചാൽ അത് വെടിനിർത്തലിലേക്കും സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിലേക്കും നയിച്ചേക്കാം. ഹോർമൂസ് ബ്ലോക്കേഡ് യുഎസ് നീക്കിയാൽ തൊട്ടു പിന്നാലെ ഉന്നത സംഘത്തെ ഇറാൻ ഇസ്‌ലാമാബാദിലേക്ക് അയയ്ക്കുമെന്നും ചർച്ചകൾ പുനരാരംഭിക്കുമെന്നും അസിം മുനീർ ട്രംപിനോട് പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യങ്ങൾ പരിഗണിക്കാമെന്ന് ട്രംപ് മറുപടി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
നാവിക ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാനിയൻ കപ്പലിനെ യുഎസ് വെടിവെച്ചത് സംഘർഷം രൂക്ഷമാക്കിയിരുന്നു. ഇറാനിയൻ തുറമുഖത്തേക്ക് പോകാൻ ശ്രമിച്ച ഇറാൻ പതാകയുള്ള ചരക്ക് കപ്പലിനെയാണ് തടഞ്ഞതെന്നാണ് യുഎസ് സൈന്യം പറഞ്ഞത്.
Content Highlights: Pakistan Army Chief Asim Munir reportedly told Trump that the US naval blockade of Hormuz is a challenge to talks with Iran