
വാഷിങ്ടണ്‍: ടെസ്ലയ്ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന എഐ വീഡിയോ വ്യാജമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ ടെസ്ല കാറുകള്‍ നിരോധിക്കുമെന്ന് ട്രംപ് പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഈ വീഡിയോയില്‍ ട്രംപ് ശതകോടീശ്വരനും ടെസ്ല സിഇഒയുമായ ഇലോണ്‍ മസ്കിനെ പാമ്പെന്നും വിളിക്കുന്നുണ്ട്. ഈ രാജ്യത്ത് നിന്ന് ഇനി അദ്ദേഹത്തിന് പണമുണ്ടാക്കാന്‍ സാധിക്കില്ലെന്നും ട്രംപിന്റെ എഐ വീഡിയോയില്‍ പറയുന്നു.
എന്നാല്‍ പല സംഘടനകളുടെ അന്വേഷണത്തില്‍ നിന്നും വീഡിയോ എഐ ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീഡിയോയിലെ ഓഡിയോയില്‍ വന്ന പ്രശ്നങ്ങളാണ് ഇത് എഐ നിര്‍മിതമാണെന്ന സംശയം ഉയര്‍ന്നത്. പിന്നീട് എഐ ഡിറ്റക്ഷന്‍ ടൂള്‍ ഉപയോഗിച്ച് വീഡിയോ എഐ നിര്‍മിതമാണോയെന്ന് നിരീക്ഷിച്ചപ്പോള്‍ 99. 8 ശതമാനം സാമ്യത കാണിച്ചു. കൂടുതല്‍ വ്യക്തതയ്ക്ക് വേണ്ടി വീഡിയോ കോണ്ട്രെയ്ല്സ് എഐയില്‍ ഇട്ട് നോക്കിയപ്പോള്‍ എഐയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ട്രംപും മസ്കും തമ്മിലുള്ള പോരാട്ടം കനക്കുന്നതിനിടയിലാണ് എഐ വീഡിയോ പ്രചരിച്ചത്. ട്രംപ് അധികാരമേറ്റയുടന്‍ സര്‍ക്കാര്‍ ചെലവ് വെട്ടിക്കുറക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഡോജിന്റെ തലവനായി ഇലോണ്‍ മസ്കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള മസ്കിന്റെ നിലപാടുകള്‍ അമേരിക്കയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും മസ്കും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നത്. പിന്നാലെ മസ്ക് ഡോജിന്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാല്‍ ട്രംപ് ഭരണകൂടം ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കിയതോടെയാണ് മസ്ക് ട്രംപ് പോര് പരസ്യമായത്.
Content Highlights: Donald Trump banned Tesla in US viral video made by AI report says