
ലണ്ടൻ: ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരിച്ച് യുകെ ട്രേഡ് സെക്രട്ടറി ജോനാഥൻ റെയ്നോൾഡ്സ്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ നയതന്ത്രപരമായ പങ്ക് വഹിക്കാമെന്നാണ് യുകെ വാഗ്ദാനം. ഇരു രാജ്യങ്ങളും തങ്ങളുടെ സുഹൃത്തുക്കളാണ്. ഇരു രാജ്യങ്ങളെയും പിന്തുണയ്ക്കാൻ തങ്ങൾ തയ്യാറാണെന്നും ജോനാഥൻ റെയ്നോൾഡ്സ് പറഞ്ഞു. ബിബിസി റേഡിയോയിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക സ്ഥിരത, സംഭാഷണം, സംഘർഷം ലഘൂകരിക്കൽ എന്നിവയിൽ വലിയ താൽപ്പര്യമുളളവരാണ് ഇരുരാജ്യങ്ങളിലും. അതിനാൽ തങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാൻ ഇവിടെയുണ്ടാവുമെന്നും യു കെ വ്യക്തമാക്കി.
അതേ സമയം, ഇന്ത്യയുടെ നടപടി ഖേദകരമെന്നും ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ ഗുരുതരമാക്കുന്ന എല്ലാ സാഹചര്യങ്ങളിൽ നിന്നും രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ചൈന പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവിന്റേതാണ് പ്രതികരണം.
ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യക്ക് പിന്തുണയുമായി ഇസ്രയേലും രംഗത്തെത്തിയിരുന്നു. ഭീകരർക്ക് ഒളിച്ചിരിക്കാനാകില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇസ്രയേൽ അറിയിച്ചു.
ഇന്ത്യ-പാകിസ്താൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്നും സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നത് എന്നുമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്സ് പോസ്റ്റിലൂടെയായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.
രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ അക്രമമാണിതെന്ന് ഫ്രാൻസ് പറഞ്ഞു. ഫ്രാൻസ് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിഷയത്തിൽ പ്രതികരിച്ചത്. ഭീകരവാദത്തിന്റെ വിപത്തിൽ നിന്നും സ്വയം രക്ഷനേടാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്ന് അറിയാം. പക്ഷേ സംഘർഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും സാധാരണക്കാരെ സംരക്ഷിക്കാനും ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്നും ജീൻ-നോയൽ ബാരറ്റ് പറഞ്ഞു.
ഇന്ന് പുലർച്ചെ ആയിരുന്നു പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.
Content Highlights: UK Trade Secretary Jonathan Reynolds About India-Pak Conflict