
വാഷിങ്ടണ്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മൈക്ക് വാൾട്സിനെ നീക്കി പകരം മാർക്കോ റൂബിയോയെ നിയമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പകരം വാൾട്ട്സിനെ ഐക്യരാഷ്ട്രസഭയുടെ അംബാസഡറായി നാമനിർദ്ദേശം ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്. വാള്‍ട്ട്‌സണും ഡെപ്യൂട്ടി ഉപദേഷ്ടാവ് അലക്‌സ് വോങ്ങും രാജി വെയ്ക്കാനൊരുങ്ങുന്നുവെന്ന് അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. യെമനില്‍ സൈനിക ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത ഗ്രൂപ്പ് ചാറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ വാൾട്ട്സ് രാജിവെക്കാനൊരുങ്ങുന്നു എന്ന സൂചനകളുണ്ടായിരുന്നു.
വാൾട്ട്സിനെ ഐക്യരാഷ്ട്രസഭയുടെ അടുത്ത യുണൈറ്റഡ് സ്റ്റേറ്റ്സ് അംബാസഡറായി നാമനിർദ്ദേശം ചെയ്യുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ട്രംപ് തന്റെ ഔദ്യോഗിക ട്രൂത്ത് അക്കൗഡിൽ കുറിച്ചു. യുദ്ധക്കളത്തിൽ യൂണിഫോമിൽ പ്രവർത്തിച്ച കാലം മുതൽ, കോൺഗ്രസിലും തന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന നിലയിലും, മൈക്ക് വാൾട്ട്സ് അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകി കൊണ്ട് കഠിനമായി പരിശ്രമിച്ചുവെന്നും ട്രംപ് കുറിച്ചു. പുതിയ സ്ഥാനം ഏറ്റെടുക്കുമ്പോഴും അദ്ദേഹം രാജ്യത്തിനായി പ്രവർത്തിക്കുമെന്ന് ട്രംപ് കൂട്ടിച്ചേർത്തു. മാർക്കോ റൂബിയോ സ്റ്റേറ്റ് സെക്രട്ടറിയായും ഇടക്കാല ദേശീയ സുരക്ഷാ ഉപദേഷ്ടാവായും പ്രവർത്തിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ട്രംപിന്റെ രണ്ടാം ഭരണത്തില്‍ രാജി വെക്കുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് വാള്‍ട്ട്‌സ്. യെമനിലെ വിമത വിഭാഗമായ ഹൂതികള്‍ക്കെതിരെയുള്ള അമേരിക്കയുടെ സൈനിക നടപടികള്‍ മാധ്യമപ്രവര്‍ത്തകന് സമൂഹമാധ്യമ കൂട്ടായ്മയിലൂടെ ചോര്‍ന്ന് കിട്ടിയത് വലിയ വിവാദമായിരുന്നു. അറ്റ്‌ലാന്റിക് മാഗസിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ ജെഫ്രി ഗോള്‍ഡ് ബര്‍ഗിനാണ് വിവരങ്ങള്‍ ചോര്‍ന്നു കിട്ടിയത്. സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യാനായി രൂപീകരിച്ച സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ജെഫ്രി ഉള്‍പ്പെടുകയായിരുന്നു. ജെഫ്രി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
പിന്നാലെ ഗ്രൂപ്പ് നിര്‍മിച്ചത് താനാണെന്നും സുരക്ഷാ വീഴ്ചയുടെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്നും മൈക്ക് വാള്‍ട്ട്‌സ് പറഞ്ഞിരുന്നു. സുരക്ഷാ ലംഘനത്തെ കുറിച്ച് അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വാള്‍ട്ട്സ് തെറ്റ് തുറന്ന് സമ്മതിച്ചത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് തുടങ്ങി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ സൈനിക നടപടികള്‍ ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പിലായിരുന്നു സുരക്ഷാ വീഴ്ച സംഭവിച്ചത്.
Content Highlights: Trump nominating Mike Waltz to be the next US Ambassador to the UN