സുനിതയെ തിരിച്ചെത്തിയതില്‍ 'ട്രംപ് വാക്കുപാലിച്ചു'വെന്ന് വൈറ്റ് ഹൗസ്; മസ്‌കിനും നന്ദി

സുനിത വില്ല്യംസിനേയും ബുച്ച് വില്‍മോറിന്റേയും മടക്കയാത്ര വൈകുന്നതില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു

സുനിതയെ തിരിച്ചെത്തിയതില്‍ 'ട്രംപ് വാക്കുപാലിച്ചു'വെന്ന് വൈറ്റ് ഹൗസ്; മസ്‌കിനും നന്ദി
dot image

വാഷിംഗ്ടണ്‍: അനിശ്ചിതത്വത്തിനൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിതാ വില്ല്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ഭൂമിയിലേക്കുള്ള തിരിച്ചുവരവില്‍ പ്രതികരിച്ച് വെറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാക്ക് പാലിച്ചുവെന്നാണ് സുനിത തിരിച്ചെത്തിയതിന് പിന്നാലെ വെറ്റ് ഹൗസ് ട്വീറ്റ് ചെയ്തത്. 'വാക്ക് കൊടുത്തു, വാക്ക് പാലിച്ചു' വെന്നായിരുന്നു വൈറ്റ് ഹൗസ് എക്‌സില്‍ കുറിച്ചത്.

'വാക്ക് കൊടുത്തു, വാക്ക് പാലിച്ചു: ഒന്‍പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന ബഹിരാകാശ യാത്രികരെ തിരിച്ചെത്തിക്കുമെന്ന് പ്രസിഡന്റ് ട്രംപ് പ്രതിജ്ഞ ചെയ്തിരുന്നു. ഇന്ന്, അവര്‍ മെക്‌സിക്കന്‍ ഉള്‍ക്കടലിന്റെ ഗള്‍ഫ് ഓഫ് അമേരിക്കയില്‍ പതിച്ചു', എന്നാണ് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തത്. ഇലോണ്‍ മസ്‌കിനും സ്‌പേസ് എക്‌സിനും നാസയ്ക്കും നന്ദിയും അറിയിക്കുന്നുണ്ട്.

സുനിത വില്ല്യംസിനേയും ബുച്ച് വില്‍മോറിന്റേയും മടക്കയാത്ര വൈകുന്നതില്‍ മുന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ ട്രംപ് നേരത്തെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇരുവരുടെയും മടക്കയാത്ര ബൈഡന്‍ സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം. രാഷ്ട്രീയകാരണങ്ങളാല്‍ ഇരുവരേയും ബഹിരാകാശത്ത് ഉപേക്ഷിച്ചുവെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇലോണ്‍ മസ്‌ക് ആരോപിച്ചിരുന്നു. ഇത് ട്രംപും ആവര്‍ത്തിക്കുകയായിരുന്നു. പിന്നീട് അധികാരത്തിലെത്തിയതോടെ ജനുവരിയില്‍ ദൗത്യം വേഗത്തിലാക്കാന്‍ ട്രംപ് മസ്‌കിന് നിര്‍ദേശം നല്‍കുകയായിരുന്നു. പേടകം കടലില്‍ പതിക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് മസ്‌കും സ്‌പേസ് എക്‌സിനും നാസയ്ക്കും നന്ദി അറിയിച്ച് രംഗത്തെത്തി. ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്ന് രാവിലെയാണ് ഭൂമിയില്‍ തിരിച്ചെത്തിയത്. പുലര്‍ച്ചെ 3.27നാണ് സ്പ്ലാഷ് ഡൗണ്‍ വിജയകരമായി പൂര്‍ത്തിയായത്. മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ പാരച്ച്യൂട്ടുകളുടെ സഹായത്തോടെ പേടകം പതിക്കുകയായിരുന്നു.

ജൂണ്‍ അഞ്ചിനാണ് സ്റ്റാര്‍ലൈനറിന്റെ പേടകത്തില്‍ ബഹിരാകാശ നിലയത്തിലേക്ക് സുനിതയും ബുച്ചും യാത്ര തിരിച്ചത്. ജൂണ്‍ പകുതിയോടെ തിരികെയെത്താനായിരുന്നു പദ്ധതി. എന്നാല്‍ ത്രസ്റ്ററുകളുടെ തകരാറുകള്‍ കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാകുകയായിരുന്നു. ജൂണ്‍ 14-ന് മടങ്ങേണ്ട പേടകത്തിന്റെ യാത്ര പിന്നീട് പലതവണ മാറ്റിവച്ചു. സാങ്കേതിക തകരാറുകള്‍ പഠിക്കാന്‍ നാസയ്ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നതാണ് മടക്കയാത്ര വൈകാന്‍ കാരണം. ഒടുവില്‍ സ്‌പേസ് എക്‌സിന്റെ പേടകത്തിലാണ് സുനിതയും സംഘവും ഭൂമിയിലേയ്ക്ക് മടങ്ങിയത്.

Content Highlights: Promise made, promise kept white house tweet over Sunita Williams's return

dot image
To advertise here,contact us
dot image