
തിരുവനന്തപുരം: കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തി. പ്രതി പ്രിയരഞ്ജന് എതിരെയാണ് കേസെടുത്തത്. പ്രതി ഒളിവിലാണ്. സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് പറഞ്ഞു. മുൻ വൈരാഗ്യം കൊണ്ടാണ് കൊലപാതകം നടത്തിയത്. ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ നരഹത്യക്കാണ് കേസെന്ന് പൊലീസ് അറിയിച്ചു. പ്രതി കേരളം വിട്ട് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസിൻ്റെ നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.
കഴിഞ്ഞ 31നായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദി ശങ്കറെ (15) വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്. വാഹനാപകടമെന്നായിരുന്നു ആദ്യം കരുതിയത്. വാഹനമിടിപ്പിക്കുന്നു എന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു. കുട്ടിയുമായി മുൻപ് പ്രിയരഞ്ജന് തർക്കമുണ്ടായിരുന്നതായി രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം ഊർജിതമെന്ന് പൊലീസ് പറഞ്ഞു.