
ഓസ്ട്രേലിൻ ക്രിക്കറ്റിന്റെ 1990കളിലെ ടീം. അലൻ ബോർഡർ, മാർക്ക് ടെയ്ലർ, സ്റ്റീവ് വോ തുടങ്ങിയ ഇതിഹാസ താരങ്ങളുടെ സമയം. ഇവർക്കൊപ്പം വളർന്ന ഒരു കുഞ്ഞ് താരമുണ്ട്. ജെഫ് മാർഷിന്റെ മകൻ, ഷോൺ മാർഷിന്റെ സഹോദരൻ. സമകാലിക ക്രിക്കറ്റിലെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാൾ. അയാളുടെ പേര് മിച്ചൽ മാർഷ്.
ഐപിഎല്ലിൽ പുതിയൊരു റെക്കോർഡ് കുറിച്ചിരിക്കുകയാണ് മിച്ചൽ മാർഷ്. തന്റെ സഹോദരൻ ഷോൺ മാർഷിനൊപ്പം ചേർന്ന് നിൽക്കുന്ന ചരിത്രം. ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇതാദ്യമായി സെഞ്ച്വറി നേടുന്ന സഹോദരന്മാരായി ഷോൺ മാർഷും മിച്ചൽ മാർഷും. പ്രഥമ ഐപിഎല്ലിൽ തന്നെ ഷോൺ മാർഷ് സെഞ്ച്വറി നേട്ടം സ്വന്തമാക്കിയതാണ്. അനിയൻ മിച്ചൽ മാർഷിന്റെ സെഞ്ച്വറിക്ക് 18-ാം പതിപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് റോയൽസിനെതിരെ ഷോൺ മാർഷ് നേടിയത് 69 പന്തിൽ 115 റൺസ്. രണ്ട് റൺസ് കൂടുതലാണ് മിച്ചൽ മാർഷ് കുറിച്ചത്. 64 പന്തിൽ 117 റൺസ്.
ഓസ്ട്രേലിയൻ ക്രിക്കറ്റിൽ ഇടം കയ്യൻ ബാറ്ററാണ് ഷോൺ മാർഷ്. ആദ്യ ഐപിഎല്ലിൽ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ താരം. ആദം ഗിൽക്രിസ്റ്റിനും മാത്യൂ ഹെയ്ഡനും പകരമായി ഓസീസ് ടീമിലെത്തിയ ഓപണിങ് ബാറ്റർ. കുറഞ്ഞ സമയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഷോൺ മാർഷ് ശ്രദ്ധിക്കപ്പെട്ടു. എങ്കിലും തുടർച്ചയായി പരിക്കുകൾ വില്ലനായത് തിരിച്ചടിയായി. സാധ്യമാകുന്നതെല്ലാം ചെയ്ത് 22 വർഷം നീണ്ട ക്രിക്കറ്റ് കരിയറിന് 2023ൽ ഷോൺ മാർഷ് വിരാമമിട്ടു.
ഷോൺ മാർഷിനേക്കാൾ എട്ട് വയസ് കുറവാണ് മിച്ചൽ മാർഷിന്. ചേട്ടൻ ഷോൺ മാർഷ് ഇടംകയ്യൻ ബാറ്ററാണെങ്കിൽ മിച്ചൽ മാർഷ് വലംകയ്യൻ ബാറ്ററും മീഡിയം പേസ് ബൗളറുമാണ്. തിരിച്ചടികളോടെയാണ് മിച്ചൽ മാർഷിന്റെ കരിയറും കടന്നുപോയത്. 2018ൽ ബോക്സിങ് ഡേ ടെസ്റ്റിനിടെ ഓസ്ട്രേലിയൻ ആരാധകരാൽ കൂവി വിളിക്കപ്പെട്ട താരം. നിരാശയിൽ ഡ്രസ്സിങ് റൂമിലെത്തിയ മിച്ചൽ മാർഷ് സ്വന്തം കൈകൾ ചുവരിലിടിച്ചു. ആറ് ആഴ്ചയോളം അയാൾക്ക് ക്രിക്കറ്റ് കളിക്കാന് കഴിഞ്ഞില്ല. ഓസ്ട്രേലിയന് ടീമിന്റെ ഉപനായക സ്ഥാനം നഷ്ടപ്പെട്ടു. അന്ന് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ പോലും മിച്ചൽ മാർഷ് ആലോചിച്ചു.
2008ൽ ഓസീസ് ടീമിൽ അരങ്ങേറ്റം കുറിച്ചിട്ടും 13 വർഷത്തോളം അയാൾക്ക് ടീമിലെ സ്ഥാനം ഉറപ്പില്ലായിരുന്നു. 2021ലെ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ മാൻ ഓഫ് ദ മാച്ച് ആയതുമാത്രമായിരുന്നു കരിയറിലെ ആകെ നേട്ടം. തിരിച്ചടികളിൽ മിച്ചൽ മാർഷിന് ഒരു സഹായിയുണ്ടായി. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം നായകൻ പാറ്റ് കമ്മിൻസ് മിച്ചൽ മാർഷിനെ പിന്തുണച്ചു. കമ്മിൻസിന്റെ പിന്തുണയിൽ മിച്ചൽ മാർഷ് ഓസീസ് ക്രിക്കറ്റിൽ ഉയർന്നുവന്നു. 2021ന് ശേഷം ഓസീസ് ട്വന്റി 20 ടീമിന്റെ ഉപനായക സ്ഥാനം മിച്ചൽ മാർഷിനെ തേടിയെത്തി. ഇന്നയാൾ ലോകക്രിക്കറ്റിൽ തിളങ്ങി നിൽക്കുകയാണ്. ഷോൺ മാർഷിന് ഒപ്പമോ അതിനേക്കാൾ മുകളിലോ ആണ് ഇന്ന് മിച്ചൽ മാർഷ്.
Content Highlights: Destructive Marsh brothers of Aus Cricket inks history in IPL