Top

'സ്‌കോര്‍ എത്രയായി... ഇപ്പോഴും 1 - 0 തന്നെ'; തഗ് മറുപടിയുമായി സിറാജ്

ഇംഗ്ലീഷ് ഇന്നിങ്‌സിനിടെ ബൗളിങ് പൂര്‍ത്തിയാക്കി ബൗണ്ടറി ലൈനിനരികിലേക്ക് ഫീല്‍ഡ് ചെയ്യാന്‍ എത്തുന്ന സിറാജിനെ പ്രകോപിപ്പിക്കാന്‍ കാണികള്‍ 'ഇപ്പോള്‍ സ്‌കോര്‍ എത്രയായി' എന്നു ചോദിക്കുകായിരുന്നു.

26 Aug 2021 9:40 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്‌കോര്‍ എത്രയായി... ഇപ്പോഴും 1 - 0 തന്നെ; തഗ് മറുപടിയുമായി സിറാജ്
X

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ ഡ്രൈവിങ് സീറ്റിലാണ്. രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഇന്ത്യക്ക് കനത്ത് തിരിച്ചടിയാണ് ഇംഗ്ലണ്ട് നല്‍കിയത്.

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യയെ വെറും 78 റണ്‍സിന് ചുരുട്ടിക്കൂട്ടിയ ഇംം്‌ലണ്ട് ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 120 റണ്‍സ് എന്ന നിലയിലാണ്. നാലു ദിനവും 10 വിക്കറ്റും ശേഷിക്കെ 42 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ടിനുള്ളത്.

ഇന്ത്യക്ക് മത്സരം തിരിച്ചു പിടിക്കണമെങ്കില്‍ അവിശ്വസനീയ പ്രകടനം കാഴ്ചവയ്‌ക്കേണ്ടി വരുമെന്നത് തീര്‍ച്ച. ഇതിനിടെയാണ് ഇന്ത്യന്‍ താരങ്ങളും ഇംഗ്ലീഷ് കാണികളും തമ്മിലുള്ള വാക്‌പോര് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ലോര്‍ഡ്‌സ് ടെസ്റ്റിനിടെ ഇന്ത്യന്‍ താരങ്ങളെ പരമാവധി പ്രകോപിപ്പിക്കാന്‍ ഇംഗ്ലീഷ് ആരാധകര്‍ ശ്രമിച്ചെങ്കിലും അന്തിമ ജയം ഇന്ത്യക്കൊപ്പമായിരുന്നു. ലോര്‍ഡ്‌സില്‍ ഐതിഹാസിക ജയം നേടിയ ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലീഷ് കാണികള്‍ക്ക് തക്കതായ മറുപടിയും നല്‍കിയിരുന്നു.

അപ്പോഴേ ലീഡ്‌സ് ടെസ്റ്റ് ചൂടുപിടിക്കുമെന്ന് ഉറപ്പായിരുന്നു. ലീഡ്‌സില്‍ ഇന്ത്യ തകര്‍ന്നതോടെ ഇന്ത്യന്‍ താരങ്ങളെ ട്രോളാനും പ്രകോപിപ്പിക്കാനും പൂര്‍വാധികം ആവേശത്തോടെയാണ് ഇംഗ്ലീഷ് കാണികള്‍ അണിനിരന്നത്. അത്തരമൊവസരത്തില്‍ ഇംഗ്ലീഷ് കാണികള്‍ക്ക് ഇന്ത്യന്‍ താരം മുഹമ്മദ് സിറാജ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഇംഗ്ലീഷ് ഇന്നിങ്‌സിനിടെ ബൗളിങ് പൂര്‍ത്തിയാക്കി ബൗണ്ടറി ലൈനിനരികിലേക്ക് ഫീല്‍ഡ് ചെയ്യാന്‍ എത്തുന്ന സിറാജിനെ പ്രകോപിപ്പിക്കാന്‍ കാണികള്‍ 'ഇപ്പോള്‍ സ്‌കോര്‍ എത്രയായി' എന്നു ചോദിക്കുകായിരുന്നു.


ഇതിനു മറുപടിയായി സിറാജ് കൈയാംഗ്യം കൊണ്ട് 1-0 എന്നു മറുപടി നല്‍കുകയും ചെയ്തു. പരമ്പരയില്‍ ഇപ്പോഴും ഇംഗ്ലണ്ട് ഇന്ത്യക്ക് 1-0 എന്ന സ്‌കോറില്‍ പിന്നില്‍ നില്‍ക്കുകയാണെന്നാണ് സിറാജ് ഉദ്ദേശിച്ചത്. എന്തായാലും ഇന്ത്യന്‍ താരത്തിന്റെ മാസ് മറുപടി സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ ഹിറ്റാക്കുകയും ഇംഗ്ലീഷ് ആരാധകര്‍ക്ക് മറുപടിയില്ലാതാക്കുകയും ചെയ്‌തെന്നതു തീര്‍ച്ചയാണ്.


Next Story

Popular Stories