

ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ബ്രസീലിനെതിരായ വമ്പന്‍ പോരാട്ടത്തിന് തൊട്ടുമുമ്പ് ഇന്ത്യ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ പാനമയെ നേരിടും. ലോകകപ്പില്‍ കളിച്ച മുന്‍നിര ടീമുകള്‍ക്കെതിരെ ഈ വര്‍ഷം നാലും അഞ്ചും മത്സരങ്ങള്‍ കളിക്കാനുള്ള വന്‍ പ്ലാനിലാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍. ഇന്ത്യയില്‍ വെച്ച് പാനമയ്ക്കെതിരെ കളിക്കുന്നതിനായി ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാറില്‍ ഒപ്പുവെച്ചു. സെപ്റ്റംബര്‍ 26 അല്ലെങ്കില്‍ 27 തീയതികളിലാണ് മത്സരം തീരുമാനിച്ചിരിക്കുന്നത്. മത്സരവേദി ഉടന്‍ പ്രഖ്യാപിക്കും. ലോക റാങ്കിങ്ങില്‍ 44-ാം സ്ഥാനത്തുള്ള പാനമ കഴിഞ്ഞ ലോകകപ്പ് കളിച്ച മികച്ച ടീമുകളിലൊന്നാണ്.
അതേസമയം, കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ചരിത്രപരമായ മത്സരത്തില്‍ ഇന്ത്യന്‍ ടീം ബ്രസീലിനെ നേരിടും. ഒക്ടോബര്‍ മൂന്നിനാണ് മത്സരം നടക്കുക. ഇതിന് ശേഷം ഒക്ടോബര്‍ ആറിന് ലോകകപ്പ് കളിച്ച മറ്റൊരു പ്രമുഖ ടീമിനെക്കൂടി ഇന്ത്യയിലെത്തിച്ച് മത്സരം നടത്താന്‍ എഐഎഫ്എഫ് ചര്‍ച്ചകള്‍ നടത്തിവരികയാണ്. നവംബര്‍ മാസത്തില്‍ നടക്കുന്ന രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ന്യൂസീലന്‍ഡില്‍ പോയി അവരെ നേരിടും.
കരുത്തരാണ് പാനമ
തോമസ് ക്രിസ്റ്റ്യന്‍സന്റെ പരിശീലനത്തിലിറങ്ങുന്ന പനാമ കഴിഞ്ഞ ഫിഫ ലോകകപ്പില്‍ ശക്തരായ ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ഉള്‍പ്പെട്ടിരുന്നത്. ഇന്ത്യയിലെ മത്സരത്തിന് ശേഷം ടോക്കിയോയിലും യോക്കോഹാമയിലുമായി നടക്കുന്ന കിരിന്‍ കപ്പ് 2026 ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ പാനമ ജപ്പാനിലേക്ക് തിരിക്കും. ലോകകപ്പ് ടീമുകള്‍ക്കെതിരായ ഈ മത്സരങ്ങളിലെ മികച്ച പ്രകടനം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ആത്മവിശ്വാസം വളര്‍ത്താനും ഫിഫ റാങ്കിംഗില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
content highlights: India to Face Panama Ahead of Clash Against Brazil