അനാവശ്യമായി പ്രകോപിപ്പിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും; ഷാഫിക്ക് സുരേഷ് ബാബുവിന്‍റെ ഭീഷണി

'രാഷ്ട്രീയ നേതാക്കളിലുണ്ടാവുന്ന വ്യക്തിപരമായ അശ്ലീലം ചർച്ച ചെയ്യാൻ താത്പര്യമില്ല'

അനാവശ്യമായി പ്രകോപിപ്പിച്ചാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും; ഷാഫിക്ക്  സുരേഷ് ബാബുവിന്‍റെ ഭീഷണി
dot image

പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ഉന്നയിച്ച ആരോപണത്തില്‍ ഉറച്ചുനിൽക്കുന്നുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പറഞ്ഞതൊന്നും മാറ്റി പറയുന്നില്ല. അതെല്ലാം അവിടെ തന്നെ നിൽക്കുകയാണ്. കോൺഗ്രസുകാർക്ക് പരാതി നൽകുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാം. എന്നാൽ ഒന്നുമാത്രമേ പറയാനുള്ളൂ, അനാവശ്യമായി കോലിട്ട് ഇളക്കാൻ വന്നാൽ അതിന്റെ വലിയ പ്രത്യാഘാതം ആരാണ് നേരിടേണ്ടിവരികയെന്ന് നിങ്ങൾ മനസിലാക്കണമെന്ന് സുരേഷ് ബാബു പറഞ്ഞു.

ഷാഫിയെ വീഴ്ത്തണമെന്ന് പറഞ്ഞ് കോൺഗ്രസിനകത്ത് നടക്കുന്ന ചിലരുണ്ട്. അവർ ചിലപ്പോൾ പരാതിയുമായി പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ നേതാക്കളിലുണ്ടാവുന്ന വ്യക്തിപരമായ അശ്ലീലം ചർച്ച ചെയ്യാൻ താത്പര്യമില്ല. കേരളത്തിലെ വികസനവും ക്ഷേമവുമാണ് പൊതു സമൂഹം ചർച്ച ചെയ്യേണ്ടത്. അതാണ് സിപിഐഎം അഭിപ്രായം. കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങളെല്ലാം വെറുതെ പറഞ്ഞുപോയല്ല. കാര്യത്തിൽ വ്യക്തതയുണ്ട്. എന്നാൽ അതൊന്നും ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. കയ്യും വെട്ടും കാലും വെട്ടുമെന്ന പ്രയോഗമെല്ലാം മുദ്രാവാക്യത്തിന്റെ രസത്തിനായി പ്രാസം ചേർത്ത് പറയുന്നതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷാഫി എന്തിനാണ് ഇത്രയും ആരോപണങ്ങളുയർന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നതെന്നും നഅദ്ദേഹം ചോദിച്ചു. ഷാഫിയുടെ നിർബന്ധത്തിന് പിന്നാലെയാണ് രാഹുലിനെ പാലക്കാട് മത്സരിപ്പിച്ചത്. പേരിന് മാത്രം രാഹുലിനെ പുറത്താക്കി പരിപൂർണ സംരക്ഷണം നൽകുകയാണ് കോൺഗ്രസെന്നും സുരേഷ് ബാബു പറഞ്ഞു.

ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബാംഗ്ലൂരിലേക്ക് ഷാഫി ട്രിപ്പ് വിളിക്കും. സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ ഹെഡ്മാസ്റ്റര്‍ ആണ് ഷാഫി പറമ്പിലെന്നായിരുന്നു സുരേഷ് ബാബുവിന്‍റെ ആരോപണം. ഷാഫി മാത്രമല്ല കോണ്‍ഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തില്‍ രാഹുലിന്റെ അധ്യാപകരാണ്. സഹികെട്ടാണ് വി ഡി സതീശന്‍ രാഹുലിനെതിരെ നടപടിയെടുത്തത്. കൊത്തി കൊത്തി മുറത്തില്‍ കേറി കൊത്തിയപ്പോള്‍ സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നു. സ്ത്രീ വിഷയത്തില്‍ മുസ്ലിം ലീഗാണ് അവര്‍ക്ക് മാതൃകയെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു. സമയമാകുമ്പോൾ ഷാഫിക്കെതിരെ തെളിവുകൾ പുറത്തുവിടുമെന്ന വെല്ലുവിളിയും അദ്ദേഹം ഉയർത്തിയിരുന്നു.

എന്നാൽ തനിക്കെതിരെ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു നടത്തിയത് ആരോപണമല്ല അധിക്ഷേപമാണെന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും പാലക്കാട് മുന്‍ എംഎല്‍എയുമായ ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചത്. അധിക്ഷേപവും വ്യക്തിഹത്യയുമാണോ 2026 ഇടതുപക്ഷത്തിന്റെ പ്രചാരണ ആയുധമെന്നും അദ്ദേഹം ചോദിച്ചിരുന്നു.

ഇങ്ങനെയുള്ള കാര്യങ്ങള്‍ പറഞ്ഞാണോ അടുത്ത തെരഞ്ഞെടുപ്പുകളെ നേരിടുന്നത് എന്ന് സിപിഐഎം വ്യക്തമാക്കണം. സുരേഷ് ബാബുവിന് മറുപടി നല്‍കേണ്ടത് താനല്ല സിപിഐഎം നേതൃത്വമാണ്. നിയമനടപടിയെക്കുറിച്ച് ആലോചിക്കും. അതേ ഭാഷയില്‍ താന്‍ മറുപടി പറയുന്നില്ല. ഇതാണോ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ. സുരേഷ് ബാബു മറുപടി പോലും അര്‍ഹിക്കുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു.

സുരേഷ് ബാബുവിനെതിരെ കേസെടുക്കമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആലത്തൂര്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ഷാഫി പറമ്പില്‍ എംപിക്കെതിരായ സുരേഷ് ബാബുവിന്റെ ആരോപണത്തില്‍ കക്ഷി ചേരാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവ് എ കെ ബാലന്‍ വ്യക്തമാക്കി. ആരോപണം ഉന്നയിച്ചവര്‍ തന്നെ തെളിവ് പുറത്തുവിടട്ടെയെന്നായിരുന്നു എ കെ ബാലന്‍റെ പ്രതികരണം. തനിക്ക് എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ താന്‍ ഉന്നയിക്കുമല്ലോയെന്നും നിലവിലെ ആരോപണങ്ങള്‍ അവര്‍ തമ്മില്‍ ആയിക്കോട്ടെയെന്നും പറഞ്ഞ് കയ്യൊഴിയുകയായിരുന്നു എ കെ ബാലന്‍.

Content Highlights: EN Suresh Babu says he stands by the allegations against MP Shafi Parambil

dot image
To advertise here,contact us
dot image