
കൊച്ചി: തനിക്ക് മുന്നിലുണ്ടായിരുന്ന തടസങ്ങൾ നീക്കി മുന്നോട്ട് പോകാൻ സഹായിച്ച കേരള പൊലീസിന് ബിഗ് സല്യൂട്ടെന്ന് സിപിഐഎം നേതാവ് കെ ജെ ഷൈൻ. കെ എം ഷാജഹാൻ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും അവർ ആരോപിച്ചു.
മാലിന്യമുക്ത നവകേരളം സാക്ഷാത്കരിക്കാൻ നമ്മളെല്ലാം അതിന്റെ ഭാഗമാകണം. അതുമായി മുന്നോട്ടു പോവുകയാണ്. ഒളിഞ്ഞിരുന്ന് മാലിന്യം എറിയുന്നവരെ കളയാൻ ബുദ്ധിമുട്ടാണ്. മാലിന്യത്തെ നിർമാർജനം ചെയ്യാനുള്ള ഉത്തരവാദിത്തം എല്ലാവരും ഏറ്റെടുക്കുകയാണ്. അതിൽ ഞാനും ഭാഗമായി. കേരള സർക്കാരിൽ ഉറച്ച വിശ്വാസമുണ്ട്. ഗൂഢാലോചന ഉണ്ടോ എന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും ഷൈൻ പറഞ്ഞു. എല്ലാ ദേവന്മാരും പരാജയപ്പെട്ടിടത്ത് ദുർഗ അവതരിച്ച് അസുരനെ നിഗ്രഹിക്കുന്നതാണ് നവരാത്രിയുടെ ഐതീഹ്യം. എല്ലാവർക്കും നവരാത്രി ആശംസകൾ നേരുന്നതായും കെ ജെ ഷൈൻ പറഞ്ഞു.
കെ ജെ ഷൈനിനെതിരെ അപവാദ പ്രചാരണം നടത്തിയ കേസിൽ യൂട്യൂബർ കെ എം ഷാജഹാനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. കെ ജെ ഷൈൻ എറണാകുളം റൂറൽ സൈബർ പൊലീസിന് നൽകിയ പരാതിയിലാണ് അറസ്റ്റ്. യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും കെ എം ഷാജഹാൻ നിയമത്തെ വെല്ലുവിളിക്കുകയാണെന്നുമായിരുന്നു പരാതി.
നിലവിൽ ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ നിരന്തരമായി അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തുകയായിരുന്നു ഇയാൾ. പരാതി നൽകിയിട്ടും നിയമപരമായ നടപടികളുണ്ടായിട്ടും അധിക്ഷേപം തുടരുകയായിരുന്നു. കൂടുതൽ വീഡിയോകൾ ചാനലിലൂടെ അപ്‌ലോഡ് ചെയ്യുകയായിരുന്നു. ഇതോടെയാണ് കെ ജെ ഷൈൻ വീണ്ടും പരാതി നൽകിയത്. തുടർന്നാണ് ഷാജഹാന്റെ അറസ്റ്റ് അടക്കമുളള നടപടികളിലേക്ക് പൊലീസ് കടന്നത്.
Content Highlights: k j shine against km shajahan