

കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി ഡി സതീശന് ആശംസയുമായി അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. അധികാരം പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ പോരാടാനുമാണെന്നാണ് ആ കസേരയിലിരുന്ന് വി എസ് അച്യുതാനന്ദന്‍ കാണിച്ചുതന്നതെന്നും വി ഡി സതീശന്റെ ദീര്‍ഘവീക്ഷണം കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കട്ടെയെന്നും വി എ അരുണ്‍ കുമാര്‍ ആശംസിച്ചു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 2006 ല്‍ ഇതേ മെയ് 18 നായിരുന്നു വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും അരുണ്‍ സൂചിപ്പിക്കുന്നുണ്ട്.
'സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയില്‍ മുഴങ്ങിയത്. രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതേ മെയ് 18-ന് വി ഡി സതീശന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അര്‍ത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു', വെന്നാണ് അരുണ്‍ കുമാര്‍ കുറിച്ചത്.
വി എ അരുണ്‍ കുമാര്‍ പങ്കുവെച്ച കുറിപ്പ്-
ഇന്ന് മെയ് 18. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള ഒരു തീയതിയാണിത്. കൃത്യം രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്, അതായത് 2006 മെയ് 18-നായിരുന്നു തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിനിര്‍ത്തി വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. സാധാരണക്കാരന്റെ അവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടിയുള്ള വലിയൊരു ജനമുന്നേറ്റത്തിന്റെ പ്രഖ്യാപനമായിരുന്നു അന്ന് ആ വേദിയില്‍ മുഴങ്ങിയത്.
രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഇതേ മെയ് 18-ന് ശ്രീ. വി.ഡി. സതീശന്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുകയാണ്. ചരിത്രത്തിലെ അതീവ കൗതുകകരവും അര്‍ത്ഥവത്തുമായ ഒരു യാദൃശ്ചികതയായി തോന്നുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി പദവി എന്നത് കേവലം ഒരു പദവിയല്ല, വലിയൊരു ജനതയുടെ പ്രതീക്ഷകളുടെയും അവകാശങ്ങളുടെയും കാവല്‍പ്പുരയാണ്. വിഎസ് എന്ന ഭരണാധികാരി ആ കസേരയിലിരുന്ന് കാണിച്ചുതന്നത്, അധികാരം എന്നത് പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടാനുമുള്ള ഉപാധിയാണെന്നാണ്. ആ കസേരയിലേക്ക് പുതിയൊരു ജനവിധിയുടെ കരുത്തുമായി കടന്നുവരുന്ന ശ്രീ. വി.ഡി. സതീശന് ആ ദൗത്യം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രംഗത്തെ പക്വതയും ദീര്‍ഘവീക്ഷണവും കേരളത്തിന് പുതിയൊരു ദിശാബോധം നല്‍കട്ടെ.
ഈ ചരിത്രദിനത്തില്‍ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ശ്രീ. വി.ഡി. സതീശനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങള്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു. നവകേരളത്തിന്റെ പ്രയാണത്തില്‍ ഈ ഭരണം ജനപക്ഷത്തുണ്ടാകട്ടെ.
Content Highlights: VA Arun Kumar wishes VD Satheesan