

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം അംഗ്ക്രിഷ് രഘുവംശിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴശിക്ഷ. ഒരു ഡീമെറിറ്റ് പോയിന്റും ലഭിക്കും. കഴിഞ്ഞദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ് തടസ്സപ്പെടുത്തിയെന്ന പേരില്‍ അംഗ്ക്രിഷ് രഘുവംശിയെ അംപയര്‍ പുറത്താക്കിയിരുന്നു. ഫീല്‍ഡിങ് തടസപ്പെടുത്തി എന്ന കാരണത്താല്‍ ലഖ്നൗ താരങ്ങളുടെ അപ്പീല്‍ പരിഗണിച്ച തേര്‍ഡ് അമ്പയര്‍, രഘുവംശി ഔട്ടാണെന്ന് വിധിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഒട്ടേറെപ്പേര്‍ അമ്പയറുടെ തീരുമാനത്തിനെതിരേ രംഗത്തെത്തി. രഘുവംശി മനഃപൂര്‍വം ഫീല്‍ഡിങ് തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നായിരുന്നു വാദം. എന്നാല്‍ ഐപിഎല്‍ ചട്ടം അനുസരിച്ച് അതിന് പ്രസക്തിയില്ല. കൊല്‍ക്കത്ത ഇന്നിങ്സിന്റെ അഞ്ചാം ഓവറിലെ അവസാന പന്തിലായിരുന്നു ഈ വിവാദമായ പുറത്താകല്‍. പ്രിന്‍സ് യാദവ് എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട് രഘുവംശി ഒരു റണ്ണിനായി ശ്രമിച്ചു. എന്നാല്‍, നോണ്‍-സ്ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന കാമറൂണ്‍ ഗ്രീന്‍, രഘുവംശിയെ മടക്കിയയക്കുകയായിരുന്നു. താരം തിരികെ ക്രീസിലെത്താന്‍ ഓടുന്നതിനിടെ ഫീല്‍ഡറുടെ ത്രോ അദ്ദേഹത്തിന്റെ കാലില്‍ തട്ടി. ഇതോടെ ലഖ്നൗ താരങ്ങള്‍ അപ്പീല്‍ ചെയ്യുകയായിരുന്നു.
ഇതോടെ ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. ദൃശ്യങ്ങള്‍ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ രഘുവംശി ഓടുന്ന പാത മാറ്റിയെന്നും അതുവഴി പന്ത് വിക്കറ്റ് കീപ്പറുടെ അടുത്തേക്ക് എത്തുന്നത് തടഞ്ഞുവെന്നും വിലയിരുത്തി. ഇതോടെ ഔട്ടും വിധിച്ചു. ബൗണ്ടറി ലൈനില്‍ ബാറ്റ് കൊണ്ട് അടിച്ച് രോഷം പ്രകടിപ്പിച്ചാണ് താരം ഡഗ് ഔട്ടിലേക്ക് മടങ്ങിയത്. ശേഷം ഹെല്‍മറ്റ് വലിച്ചെറിയുകയും ചെയ്തു. ഇത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
content highlights: Angkrish Raghuvanshi Fined; What was Angkrish's Mistake?