

ഐപിഎൽ പത്തൊമ്പതാം സീസണിന് മുന്നോടിയായി നടന്ന രണ്ട് പ്രധാന ടീമുകളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിൽ ബിസിസിഐക്കും വൻ നേട്ടം. രാജസ്ഥാൻ റോയൽസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എന്നീ ടീമുകൾ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയതോടെ അഞ്ച് ശതമാനം ട്രാൻസ്ഫർ ഫീ ഇനത്തിൽ മാത്രം ബിസിസിഐക്ക് 1550 കോടി മുതൽ 1583 കോടി രൂപ വരെ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് ഇരു ടീമുകളുടെയും ഉടമസ്ഥാവകാശം കൈമാറുന്ന കാര്യത്തിൽ ധാരണയായത്.
അമേരിക്കൻ സംരംഭകനായ കൽ സോമനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം 1.63 ബില്യൺ ഡോളറിനാണ് (ഏകദേശം 15,300 കോടി രൂപ) രാജസ്ഥാൻ റോയല്‍സിനെ സ്വന്തമാക്കിയത്. നിലവിലെ ചാമ്പ്യന്മാരായ ആർസിബിയെ ആദിത്യ ബിർള ഗ്രൂപ്പ്, ഡേവിഡ് ബ്ലിറ്റ്‌സർ, ബ്ലാക്ക്‌സ്റ്റോൺ എന്നിവരടങ്ങിയ കണ്‍സോര്‍ഷ്യം 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,660 കോടി രൂപ) സ്വന്തമാക്കി. ആകെ 3.4 ബില്യൺ ഡോളറിന്‍റെ (ഏകദേശം 31,000 കോടി രൂപ) ഇടപാടാണ് നടന്നത്.
ഐപിഎല്ലിലെ പത്ത് ഫ്രാഞ്ചൈസികളും ബിസിസിഐയുമായി ഒപ്പിട്ടിട്ടുള്ള കരാർ പ്രകാരം, ടീമിന്‍റെ ഉടമസ്ഥാവകാശം മാറുമ്പോൾ വിൽപന തുകയുടെ 5 ശതമാനം ബിസിസിഐക്ക് ട്രാൻസ്ഫർ ഫീസായി നൽകണം. ഈ നിയമമാണ് ബോർഡിന് 1500 കോടിയോളം രൂപ ലഭിക്കാന്‍ കാരണമായത്. പുതിയ ഉടമകൾക്ക് ബിസിസിഐയുടെയും ഐപിഎൽ ഗവേണിംഗ് കൗൺസിലിന്‍റെയും അംഗീകാരം ലഭിക്കുന്നതോടെ ഈ തുക ബോർഡിന്റെ അക്കൗണ്ടിലെത്തും.
വില്‍പന നടപടികള്‍ പൂര്‍ത്തിയായി പുതിയ ഉടമസ്ഥാവകാശം 2026 സീസണിന് ശേഷം മാത്രമേ പൂർണ്ണമായി പ്രാബല്യത്തിൽ വരികയുള്ളൂ. ഐപിഎൽ പത്തൊമ്പതാം സീസൺ നാളെയാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർസിബിയും സൺറൈസേഴ്‌സ് ഹൈദരാബാദും ഏറ്റുമുട്ടും. രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്‍റിൽ ആകെ 74 മത്സരങ്ങളുണ്ടാകും. മെയ് 31-നാണ് ഫൈനൽ.
Content highlights: ipl rcb rr sale bcci earns 1550 crore reasons