

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. നാഗ്പൂരില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാല് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടമായി. ഓപ്പണറും മലയാളി താരവുമായ സഞ്ജു സാംസണെയും വണ്‍ഡൗണെത്തിയ ഇഷാന്‍ കിഷനെയുമാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്.
അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയ സഞ്ജു 7 പന്തില്‍ 10 റണ്‍സെടുത്താണ് മടങ്ങിയത്. കെയ്ൽ ജമൈസണെതിരെ രണ്ട് ബൗണ്ടറിയും ഒരു ഡബിളും നേടി ആവേശകരമായ രീതിയിൽ തുടങ്ങിയ സഞ്ജു രണ്ടാം ഓവറിൽ രചിൻ രവീന്ദ്രയ്ക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
സഞ്ജുവിന് പിന്നാലെ വൺഡൗണായി ക്രീസിലെത്തിയ ഇഷാന്‍ കിഷന്‍ ജമൈസണെതിരെ ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. ജേക്കബ് ഡഫിക്കെതിരെയും ബൗണ്ടറി നേടിയ കിഷന്‍ മൂന്നാം ഓവറിൽ മടങ്ങി. 5 പന്തില്‍ 8 റണ്‍സെടുത്ത് ഡഫിയുടെ പന്തില്‍ ചാപ്മാന് ക്യാച്ച് നല്‍കിയാണ് കിഷന്റെ മടക്കം.
നാല് ഓവറുകള്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സാണ് ഇന്ത്യയുടേത്. ഏഴ് പന്തില്‍ 10 റണ്‍സെടുത്ത് അഭിഷേക് ശര്‍മയും അഞ്ച് പന്തില്‍ എട്ട് റണ്‍സെടുത്ത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ക്രീസിലുണ്ട്.
Content Highlights: India vs New Zealand, 1st T20I: Sanju Samson and Ishan Kishan out