

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ പരിഗണിച്ചതുപോലെ 14 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെയും പെട്ടെന്നുതന്നെ ഇന്ത്യൻ സീനിയർ ടീമിൽ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്.
പ്രായത്തിൽ കവിഞ്ഞ പ്രതിഭയാണ് വൈഭവിനുള്ളത്, അദ്ദേഹത്തെ ടീമിലെടുക്കാൻ സെലക്ഷൻ കമ്മിറ്റി ധൈര്യം കാണിക്കണമെന്നും ശ്രീകാന്ത് യുട്യൂബ് ചാനലിൽ പറഞ്ഞു.
16–ാം വയസ്സിലാണ് സച്ചിൻ ഇന്ത്യൻ ടീമിൽ കളിച്ചുതുടങ്ങുന്നത്. 14–ാം വയസ്സിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളിച്ച വൈഭവ്, ഐപിഎൽ കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു. ആദ്യ ഐ പി എല്ലിൽ തന്നെ ഒരിന്ത്യക്കാരന്റെ വേഗമേറിയ സെഞ്ച്വറി കരസ്ഥമാക്കിയ താരം ശേഷം നടന്ന അണ്ടർ 19 ടൂർണമെന്റുകളിലും പരമ്പരകളിലും വെടിക്കെട്ട് തുടർന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങി സീനിയർ ആഭ്യന്തര ടൂർണമെന്റുകളിലും ബിഹാറിനായി തകർത്തുകളിച്ചു. ബിഹാർ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ് വൈഭവ്.
ഇന്നലെ പ്രഖ്യാപിച്ച അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും വൈഭവാണ്. അണ്ടർ 19 ലോകകപ്പിന് മുമ്പുള്ള പരമ്പരകളുടെ ക്യാപ്റ്റനും ഈ 14 കാരനാണ്.
Content Highlights: vaibhav suryavanshi like sachin tendulkar, huryy in to team, kris srikanth to bcci