

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ മിന്നും പ്രകടനം പുറത്തെടുത്തിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലി. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ കോഹ്‌ലി മൂന്നാം മത്സരത്തിൽ നിർണായകമായ അർധ സെഞ്ച്വറിയും സ്വന്തമാക്കി. 3 മത്സരങ്ങളില്‍ നിന്നായി 302 റണ്‍സ് അടിച്ചെടുത്ത കോഹ്‌ലിയാണ് പരമ്പരയിലെ താരവും.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിന്റെ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോഹ്‌ലി. കഴിഞ്ഞ 2-3 വര്‍ഷം ഇത്തരത്തില്‍ പ്രകടനം നടത്താന്‍ തനിക്ക് സാധിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ പ്രകടനം മാനസികമായി സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്നും കോഹ്‌ലി പറഞ്ഞു.
'ഈ പരമ്പരയില്‍ ഞാന്‍ കളിച്ച രീതി എന്നെ ഒരുപാട് സംതൃപ്തനാക്കിയിട്ടുണ്ട്. കഴിഞ്ഞ 2-3 വര്‍ഷങ്ങളില്‍ എനിക്ക് ഇങ്ങനെ കളിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ വലിയ ആത്മവിശ്വാസമുണ്ട്. എല്ലാം ഒത്തുവന്ന പോലെ തോന്നുന്നു. മധ്യനിരയില്‍ എനിക്ക് ഇങ്ങനെ ബാറ്റ് ചെയ്യാൻ കഴിയുന്നത് ടീമിനെ വളരെയധികം സഹായിക്കുമെന്ന് എനിക്കറിയാം. ഒരു താരമെന്ന നിലയിൽ സ്വന്തം നിലവാരം ഉയര്‍ത്താനാണ് ഞാൻ എപ്പോഴും ശ്രമിച്ചിട്ടുള്ളത്. ടീമിന് എന്തെങ്കിലും തരത്തില്‍ സ്വാധീനം ചെലുത്താനാവുന്ന രീതിയില്‍ കളിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്', കോഹ്‌ലി പറഞ്ഞു.
'മധ്യനിരയിലെ ഏത് സാഹചര്യവും കൈകാര്യം ചെയ്യാനും ടീമിന് അനുകൂലമായി കൊണ്ടുവരാനും കഴിയും എനിക്ക് കഴിയുന്നുണ്ട്. 15-16 വര്‍ഷം കളിക്കുമ്പോള്‍ സ്വന്തം കഴിവിനെ സംശയിക്കുന്ന പല ഘട്ടങ്ങളുമുണ്ടാകും. അതിൽ നിന്ന് മെച്ചപ്പെട്ടുവരുന്നതാണ് സ്പോർട്സിന്റെ ഭംഗി. എനിക്ക് ഇപ്പോഴും ടീമിന് സംഭാവന നൽകാൻ കഴിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു, മാനസികമായി ഞാൻ ഇപ്പോൾ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. സ്വതന്ത്രമായി കളിക്കുമ്പോൾ മനോഹരമായി സിക്സറുകൾ അടിക്കാൻ കഴിയുമെന്ന് എനിക്കറിയാം', കോഹ്‌ലി കൂട്ടിച്ചേർത്തു.
Content Highlights: ‘I haven’t batted like this in 2-3 years', says Virat Kohli