

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് ടെസ്‌റ്റ് ക്രിക്കറ്റിന് നാളെ പെർത്തിൽ തുടക്കമാവുകയാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മറ്റേതെങ്കിലുമൊരു പരമ്പരക്ക് അവകാശപ്പെടാനില്ലാത്ത ചരിത്രവും വീറും വാശിയുമുള്ള പരമ്പരയാണ് ആഷസ്.
ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രിക്കറ്റ് വൈരത്തിന്റെ പ്രതീകമായാണ് ചാരം എന്നർത്ഥമുള്ള ആഷസ് നിലകൊള്ളുന്നത്.
1882ല്‍ ദി സ്പോര്‍ട്ടിങ് ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ച പരിഹാസ ചരമക്കുറിപ്പില്‍ നിന്നാണ് ആഷസ് പരമ്പര യുണ്ടാകുന്നത്. അന്ന് ഇംഗ്ലണ്ട് ടീം ഇംഗ്ലീഷ് മണ്ണില്‍ ഓസ്‌ട്രേലിയയോട് ആദ്യമായി പരാജയപ്പെട്ടപ്പോള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചെന്നും സംസ്‌കാരം നടത്തി ചാരം അഥവാ ആഷസ് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു പോയെന്നുമായിരുന്നു സ്പോര്‍ട്ടിങ് ടൈംസിൽ വന്ന പരിഹാസ ചരമക്കുറിപ്പ്.
പിന്നീട് ഈ ചാരം തിരികെ പിടിക്കുമെന്ന പ്രതിജ്ഞയുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇവോ ബ്ലെ ഓസീസ് മണ്ണിലേക്ക് ടെസ്റ്റിനായി പുറപ്പെട്ടു. പരമ്പര തിരികെ പിടിച്ച ബ്ലെയ്ക്കിന് ഒരു ആരാധകന്‍ സ്റ്റംപ് കത്തിച്ച് അതിന്റെ ചാരം നിറച്ച മണ്ണ് കൊണ്ടുണ്ടാക്കിയ കുഞ്ഞ് ട്രോഫി സമ്മാനിച്ചു. ഈ കുഞ്ഞു ട്രോഫി പിന്നീട് ഏറെ കാലം ബ്ലെ തന്റെ വീട്ടില്‍ സൂക്ഷിച്ചു. പിന്നീട് ഇതിന്റെ പ്രതീകാത്മക ട്രോഫിയായി ആഷസ് പരമ്പര വിജയികൾക്കുള്ള ട്രോഫി. രണ്ട് വര്‍ഷം കൂടുമ്പോഴാണ് ആഷസ് പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.
2017 മുതല്‍ ഓസട്രേലിയയ്ക്കാണ് ആധിപത്യം. കിരീടം അവര്‍ പിന്നീട് വിട്ടുകൊടുത്തിട്ടില്ല. സ്വന്തം നാട്ടില്‍ പരമ്പര വിജയങ്ങള്‍ അവര്‍ ആവര്‍ത്തിച്ചപ്പോള്‍ ഇംഗ്ലീഷ് മണ്ണില്‍ പരമ്പരയില്‍ സമനിലയും പിടിച്ചാണ് ഓസീസ് ആ ചാര കപ്പ് ഇപ്പോഴും കൈയില്‍ വച്ചിരിക്കുന്നത്.
2011നു ശേഷം ഓസീസ് മണ്ണില്‍ ഒരു ആഷസ് ടെസ്റ്റ് പോലും ഇംഗ്ലണ്ട് ജയിച്ചിട്ടില്ല. 2013- 14 സീസണില്‍ 5-0ത്തിനു ഇംഗ്ലണ്ട് ദയനീയമായി പരാജയപ്പെട്ടു. 2017-18ലും 2021-22ലും ഇംഗ്ലണ്ടിന്റെ തോല്‍വി 4-0ത്തിനുമായിരുന്നു. 2010-11 സീസണില്‍ ഓസീസിനെ വീഴ്ത്തിയതാണ് ഇംഗ്ലണ്ടിന്റെ അവസാന നേട്ടം. 1989ല്‍ ഇംഗ്ലണ്ടില്‍ കിരീടം തിരിച്ചു പിടിച്ച ശേഷം ഓസീസ് സ്വന്തം മണ്ണില്‍ ആദ്യമായി തോല്‍ക്കുന്ന ഏക ആഷസ് ടെസ്റ്റായിരുന്നു 2011ലേത്.
Content Highlights: History of Australia vs England 'The Ashes' test series.