ആ ക്യാച്ച് ഔട്ടായിരുന്നുവെങ്കിൽ ഇന്ത്യ ജയിച്ചേനെ!; പാക് താരത്തിന് ലൈഫ്‌ലൈന്‍ നൽകി അംപയര്‍, കാരണമിത്

പാകിസ്താന്റെ ബാറ്റിങ്ങിനിടെ ഒരു ക്യാച്ചിന് പിന്നാലെ ഉണ്ടായ വിവാദമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്

ആ ക്യാച്ച് ഔട്ടായിരുന്നുവെങ്കിൽ ഇന്ത്യ ജയിച്ചേനെ!; പാക് താരത്തിന് ലൈഫ്‌ലൈന്‍ നൽകി അംപയര്‍, കാരണമിത്
dot image

റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പിൽ പാകിസ്താൻ എയോട് പരാജയം വഴങ്ങിയിരിക്കുകയാണ് ഇന്ത്യ എ. മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ എ അടിയറവ് പറഞ്ഞത്. ഇന്ത്യ ഉയർത്തിയ 136 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൾ ബാക്കി നിൽക്കെ പാകിസ്താൻ മറികടക്കുകയായിരുന്നു. 79 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണർ മാസ് സദാഖത്തിന്റെ ഇന്നിങ്‌സാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. താരം 47 പന്തിൽ നിന്ന് നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കമാണ് 79 റൺസ് നേടിയത്.

മത്സരത്തിൽ പാകിസ്താന്റെ ബാറ്റിങ്ങിനിടെ ഒരു ക്യാച്ചിന് പിന്നാലെ ഉണ്ടായ വിവാദമാണ് ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരിക്കുന്നത്. പാകിസ്താന്റെ വിജയശിൽപ്പി മാസ് സദാഖത്തിനെ പിടികൂടാൻ നമാന്‍ ധിറും നെഹാല്‍ വധേരയും ചേര്‍ന്നെടുത്ത ക്യാച്ച് അംപയർ അനുവദിക്കാതിരിക്കുകയായിരുന്നു. ബൗണ്ടറി ലൈനിനടുത്ത് നിന്ന് എടുത്ത ക്ലീൻ ക്യാച്ചിൽ അംപയർ ഔട്ട് വിളിച്ചില്ലെന്ന് മാത്രമല്ല സിക്സും അനുവദിച്ചില്ല.

പാകിസ്താന്റെ റണ്‍ചേസില്‍ 10-ാമത്തെ ഓവറിലായിരുന്നു സംഭവം. സ്പിന്നര്‍ സുയാഷ് ശര്‍മ എറിഞ്ഞ ഓവറിലെ ആദ്യത്തെ ബോൾ തന്നെ സദാഖത് കൂറ്റൻ ഷോട്ട് അടിച്ചു. സിക്സെന്നുറപ്പിച്ചെങ്കിലും ബൗണ്ടറിലൈനിന് തൊട്ടരികില്‍ വച്ച് നെഹാല്‍ വധേര റണ്ണിങ് ക്യാച്ചിലൂടെ പിടിച്ചെടുക്കുകയായിരുന്നു. എന്നാൽ ഓട്ടത്തിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട വധേര, കാല്‍ ബൗണ്ടറി ലൈനില്‍ തട്ടുന്നതിന് മുൻപേ പന്ത് ഓടിയെത്തിയ നമൻ ധിറിന് കൈമാറി. നമൻ അനായാം ക്യാച്ച് പൂർത്തിയാക്കുകയും ചെയ്തു.

ഔട്ടെന്ന് കരുതി പാക് ബാറ്റർ ​ഗ്രൗണ്ട് വിടാനൊരുങ്ങിയെങ്കിലും തേര്‍ഡ് അംപയര്‍ ക്യാച്ച് വീണ്ടും പരിശോധിക്കുകയായിരുന്നു. റീപ്ലേകളിൽ വധേരയുടെ കാൽ ബൗണ്ടറി റോപ്പില്‍ തട്ടിയില്ലെന്നും ധിര്‍ ക്ലീനായി തന്നെ ആ ക്യാച്ചെടുത്തുവെന്നും വ്യക്തമായി കാണാമായിരുന്നു. എന്നാൽ ഇന്ത്യയെ ഞെട്ടിച്ച് അംപയർ നോട്ടൗട്ട് വിധിക്കുകയായിരുന്നു. പിന്നാലെ ഇന്ത്യൻ താരങ്ങൾ അംപയറോട് വാദിക്കുകയും ചെയ്തു. ഒടുവില്‍ തേര്‍ഡ് അംപയറുടെ തീരുമാനം അംഗീകരിച്ച് ഇന്ത്യന്‍ ടീമിനു നിരാശയോടെ കളി തുടരേണ്ടിയും വന്നു.

ക്ലീൻ ക്യാച്ചായിട്ടുപോലും അംപയർ ഔട്ട് വിധിക്കാത്തതിന്റെ കാരണം അറിയാനുള്ള ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകർ. ബൗണ്ടറി ലൈനിനരികിലെ ക്യാച്ചെടുക്കുമ്പോഴുള്ള നിയമങ്ങളിൽ മാർലിബോൺ ക്രിക്കറ്റ് ക്ലബ് ഏർപ്പെടുത്തിയ പുതിയ പരിഷ്കാരമായിരിക്കാം അംപയറുടെ ഈ തീരുമാനത്തിന് കാരണം. ബൗണ്ടറി ലൈനിന് പുറത്തും പന്തിലും ഫീൽഡർ ഒരേസമയം സ്പർശിക്കാതെ, ബൗണ്ടറി ലൈനിന് അകത്തേക്ക് വന്ന് ക്യാച്ച് പൂർത്തിയാക്കുകയാണ് എങ്കിൽ ഔട്ട് അനുവദിക്കുന്ന രീതിയാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ നിർദേശപ്രകാരം മാറ്റിയത്. എന്നാൽ ഇനി ക്യാച്ച് എടുത്തതിന് ശേഷം നിയന്ത്രണം തെറ്റി പന്ത് വായുവിലെറിഞ്ഞ് ഫീൽഡിൽ നിന്ന് ബൗണ്ടറി ലൈനിന് പുറത്തേക്ക് ഫീൽഡർ പോവുകയും വായുവിൽ എറിഞ്ഞു ചാടി ബൗണ്ടറി ലൈനിനുള്ളിലെത്തി ക്യാച്ച് പൂർത്തിയാക്കുകയും ചെയ്താൽ ഇനി ഔട്ട് അനുവദിക്കില്ല.

Content Highlights: India A vs Pakistan A: Controversy erupts after Naman Dhir catch overruled: What's the rule?

dot image
To advertise here,contact us
dot image