ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ അർധ സെഞ്ച്വറി; ഐതിഹാസിക നേട്ടങ്ങൾ സ്വന്തമാക്കി ആകാശ് ചൗധരി

ലോകത്ത് ആഭ്യന്തര ക്രിക്കറ്റിൽ ഇത് മൂന്നാമതാണ് ഒരു താരം ഓരോവറിലെ ആറ് പന്തിൽ ആറ് സിക്സറുകൾ നേടുന്നത്

ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിലെ അതിവേഗ അർധ സെഞ്ച്വറി; ഐതിഹാസിക നേട്ടങ്ങൾ സ്വന്തമാക്കി ആകാശ് ചൗധരി
dot image

ആഭ്യന്തര ക്രിക്കറ്റ് ചരിത്രത്തിലെ അതിവേ​ഗ അർധ സെഞ്ച്വറിയുമായി മേഘാലയ താരം ആകാശ് കുമാർ ചൗധരി. രഞ്ജി ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ വെറും 11 പന്തിലാണ് താരം അർധ സെഞ്ച്വറി നേട്ടം പൂർത്തിയാക്കിയത്. ലോക ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു രാജ്യത്തിന്റെ ആഭ്യന്തര ക്രിക്കറ്റിൽ ഒരു താരം 11 പന്തുകളിൽ അർധ സെഞ്ച്വറിയിലെത്തുന്നത്.

അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ ആകാശ് കുമാർ എട്ടാമനായാണ് ക്രീസിലെത്തിയത്. അപ്പോൾ മേഘാലയ ആറിന് 576 എന്ന ശക്തമായ നിലയിലായിരുന്നു. ആദ്യ മൂന്ന് പന്തിൽ ഒരു ഡോട്ട് ബോളും രണ്ട് സിം​ഗിളുകളുമായിരുന്നു ആകാശിന്റെ സമ്പാദ്യം. പിന്നാലെ ഇടംകൈയ്യന്‍ സ്പിന്നര്‍ ലിമര്‍ ഡാബിയുടെ ഓവറിലെ ആറ് പന്തുകളും സിക്സറുകള്‍ പറത്തി ആകാശ് അർധ സെഞ്ച്വറിയിലെത്തി.

ലോകത്ത് ആഭ്യന്തര ക്രിക്കറ്റിൽ ഇത് മൂന്നാമതാണ് ഒരു താരം ഓരോവറിലെ ആറ് പന്തിൽ ആറ് സിക്സറുകൾ നേടുന്നത്. മുമ്പ് ഇന്ത്യയുടെ രവി ശാസ്ത്രിയും വെസ്റ്റ് ഇൻഡീസിന്റെ ​ഗാരി സോബേഴ്സും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.. 13 വര്‍ഷം മുമ്പ് ലെസ്റ്റര്‍ഷെയറിന്റെ വെയ്ന്‍ നൈറ്റ് 12 പന്തുകളിൽ നേടിയ അർധ സെഞ്ച്വറിയാണ് ലോകത്ത് ആഭ്യന്തര ക്രിക്കറ്റിലെ അതിവേ​ഗ അർധ സെഞ്ച്വറി റെക്കോർഡായിരുന്നത്. ഈ നേട്ടം 25കാരനായ ആകാശ് ചൗധരി തിരുത്തിയെഴുതി. 14 പന്തിൽ 50 റൺസുമായി ചൗധരി പുറത്താകാതെ നിൽക്കുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മേഘാലയ ഒന്നാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 628 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. അർപിത് ഭടേവാര 207, കിഷൻ ലിങ്‌ദോ 119, രാഹുൽ ദലാൽ 144 എന്നിങ്ങനെയാണ് മേഘാലയ നിരയിലെ സ്കോറിങ്ങുകൾ. ആദ്യ ഇന്നിങ്സ് മറുപടി പറഞ്ഞ അരുണാചൽ പ്രദേശ് ഒന്നാം ഇന്നിങ്സിൽ 73 റൺസിൽ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്സിൽ അരുണാചൽ പ്രദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ്.

Content Highlights: Meghalaya's Akash Choudhary smash fastest ever first-class fifty

dot image
To advertise here,contact us
dot image