
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റിനിറങ്ങുകയാണ് ഇന്ത്യ. മാഞ്ചസ്റ്ററില്‍ ജീവന്മരണ പോരാട്ടത്തിനിറങ്ങുന്ന ഇന്ത്യ കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് നിരവധി മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. മലയാളി താരം കരുണ്‍ നായരിന് പകരം സായ് സുദര്‍ശന്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
എന്നാല്‍ മത്സരത്തിന് മുന്‍പ് സായ് സുദര്‍ശനെ കുറിച്ചുള്ള ഒരു വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിന് മുന്നോടിയായി കഴിഞ്ഞ ദിവസം നെറ്റ്സില്‍ സായ് സുദര്‍ശനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതു നിരസിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതോടെ ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടെന്ന ആശങ്കയും ആരാധകരില്‍ ഉടലെടുത്തു.
എന്നാല്‍ ക്യാപ്റ്റന്റെ അഭ്യര്‍ത്ഥനെ ചിരിച്ചുകൊണ്ടാണ് സായ് നിരസിച്ചത്. കാരണം സായ്‌യുടെ ശീലം അതാണെന്ന് ഗില്ലിന് നേരത്തെ അറിയാമായിരുന്നു എന്നതാണ് സത്യം. സാധാരണയായി ഒരു മത്സരത്തിന്റെ തലേദിവസം സായ് ബാറ്റിങ് പരിശീലനം നടത്താറില്ല. കഴിഞ്ഞ ഐപിഎല്‍ മുതലാണ് അദ്ദേഹം ഇങ്ങനെയൊരു ശീലം തുടങ്ങിയത്.
ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ കൂടി ആയതിനാല്‍ തന്റെ ഓപ്പണിങ് പങ്കാളിയായ സായിയുടെ ഈ രീതിയെക്കുറിച്ചു ഗില്ലിനു നന്നായി അറിയാം. ഇതിനാലാണ് കഴിഞ്ഞ ദിവസം സായ് ബാറ്റിങ് പരിശീലനത്തിന് വിസമ്മതിച്ചപ്പോഴും ഗില്ലിനു അതു വളരെ പെട്ടെന്നു മനസ്സിലാക്കാനും സാധിച്ചത്.
നേരത്തേ ഒരു മത്സരത്തിന് മുൻപുള്ള സായിയുടെ തയ്യാറെടുപ്പ് ഈ തരത്തിലായിരുന്നില്ല. മണിക്കൂറുകളോളം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തിയിരുന്ന താരമായിരുന്നു അദ്ദേഹം. പക്ഷേ കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനിടെയാണ് ഇതു സായിയെ ദോഷകരമായി ബാധിച്ചത്.
ടൂർണമെന്റിന്റെ സമയത്ത് നീണ്ട നെറ്റ് സെഷനുകൾക്ക് ശേഷം സായ്ക്ക് വലിയ ക്ഷീണം അനുഭവപ്പെടാൻ തുടങ്ങി. ഊർജ്ജം ലാഭിക്കുന്നതിനായി മത്സരത്തിന്റെ തലേദിവസം വിശ്രമിക്കാൻ ഗുജറാത്ത് ടൈറ്റൻസ് പരിശീലകർ അദ്ദേഹത്തെ ഉപദേശിച്ചു. പിന്നീട് ഈ പതിവ് സായ് ശീലമായി സ്വീകരിക്കുകയായിരുന്നു.
Content Highlights: ENG vs IND: Sai Sudharsan declines captain Shubman Gill’s offer before fourth Test