ഒറ്റ സെഞ്ച്വറിയില്‍ പിറന്നത് കിടിലന്‍ റെക്കോര്‍ഡുകള്‍; ഇംഗ്ലണ്ടില്‍ ചരിത്രം കുറിച്ച് ഹര്‍മന്‍പ്രീത്

മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ച്വറി നേടിയാണ് ടീമിനെ നയിച്ചത്

dot image

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ 13 റണ്‍സിന് ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ വിജയം പിടിച്ചെടുത്തത്. ഇന്ത്യ ഉയര്‍ത്തിയ 319 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 305 റണ്‍സ് മാത്രമാണ് നേടാനായത്. വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1ന് ഹര്‍മന്‍പ്രീത് കൗറും സംഘവും സ്വന്തമാക്കി.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെഞ്ച്വറി നേടിയാണ് ടീമിനെ നയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സ് അടിച്ചെടുത്തു. 84 പന്തില്‍ 102 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 14 ബൗണ്ടറികളാണ് ഹര്‍മന്‍പ്രീത് അടിച്ചെടുത്തത്. ഈ ഇന്നിങ്‌സിലൂടെ കിടിലന്‍ റെക്കോര്‍ഡുകളും ഹര്‍മന്‍പ്രീത് സ്വന്തമാക്കി.

82 പന്തില്‍ നിന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മൂന്നക്കം തൊട്ടത്. വനിതാ ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരം അതിവേഗം കുറിക്കുന്ന രണ്ടാം സെഞ്ച്വറിയാണ് ഹര്‍മന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സ്മൃതി മന്ദാനയാണ് ഈ റെക്കോര്‍ഡില്‍ ഒന്നാമതുള്ളത്. ഈ വര്‍ഷം അയര്‍ലന്‍ഡിനെതിരെ 70 പന്തില്‍ നിന്നാണ് മന്ദാന സെഞ്ച്വറി നേടിയത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ ഏഴാം ഏകദിന സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെ പിറന്നത്. ഇംഗ്ലീഷ് മണ്ണില്‍ കുറിക്കുന്ന മൂന്നാം സെഞ്ച്വറിയും. ഇതോടെ ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി അടിച്ചെടുക്കുന്ന വനിതാ ഏവേ ബാറ്ററായിരിക്കുകയാണ് ഹര്‍മന്‍. ഇംഗ്ലണ്ടില്‍ രണ്ട് വീതം സെഞ്ച്വറികള്‍ സ്വന്തമാക്കിയ ഇന്ത്യയുടെ ഇതിഹാസ താരം മിതാലി രാജ്, ഓസീസ് സൂപ്പര്‍ താരം മെഗ് ലാനിങ് എന്നിവരെയാണ് ഹര്‍മന്‍ മറികടന്നത്.

Content Highlights: All records broken and milestones achieved during England Women vs India Women third match

dot image
To advertise here,contact us
dot image