
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് ബാറ്റിങ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി പുറത്ത്. കാൽമുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. നാലാം ടെസ്റ്റിനായുള്ള ഇന്ത്യൻ ടീമിനൊപ്പം നിതീഷ് മാഞ്ചസ്റ്ററിലേക്ക് യാത്രചെയ്തിരുന്നു. പിന്നാലെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെയാണ് നിതീഷിന് പരിക്കേറ്റത്. പിന്നാലെ സ്റ്റേഡിയത്തിൽ പരിശീലനത്തിനായി താരം എത്തിയിരുന്നില്ല.
ജൂലൈ 23ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ നിതീഷ് റെഡ്ഡിക്ക് പകരക്കാരനെ കണ്ടെത്തുകയാകും ഇന്ത്യൻ ടീമിന് തലവേദന. പേസ് ബൗളിങ് ഓൾറൗണ്ടറായി ഷാർദുൽ താക്കൂറാണ് ഇന്ത്യൻ ടീമിൽ നിലവിലുള്ളത്. എന്നാൽ ആദ്യ ടെസ്റ്റിൽ താക്കൂർ തിളങ്ങാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.
അതിനിടെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ പേസ് ബൗളർ ജസ്പ്രീത് ബുംമ്രയെ കളിപ്പിക്കാനാണ് ഇന്ത്യൻ ടീമിന്റെ ആലോചന. അമിത ജോലിഭാരം ഒഴിവാക്കാൻ പരമ്പരയിലെ മൂന്ന് ടെസ്റ്റുകളിൽ മാത്രമായി ബുംമ്രയെ കളിപ്പിക്കാനായിരുന്നു ഇന്ത്യൻ മാനേജ്മെന്റിന്റെ തീരുമാനം. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പൂർത്തിയായപ്പോൾ ബുംമ്ര ഇതിനോടകം രണ്ട് ടെസ്റ്റുകൾ കളിച്ചുകഴിഞ്ഞു.
ജൂലൈ 23ന് ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പേസർ ആകാശ് ദീപ് കളിച്ചേക്കില്ലെന്നാണ് മറ്റൊരു റിപ്പോർട്ട്. മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റതാണ് ആകാശ് ദീപ് നാലാം ടെസ്റ്റിൽ കളിക്കാതിരിക്കാൻ കാരണം. മറ്റൊരു പേസർ അർഷ്ദീപ് സിങ്ങും പരിക്കിന്റെ പിടിയിലുള്ളതിനാൽ ഹരിയാനയിൽ നിന്നുള്ള പേസർ അൻഷുൽ കംബോജിനെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്. രണ്ട് മത്സരങ്ങൾ ഇംഗ്ലണ്ടും ഒന്നിൽ ഇന്ത്യയും വിജയിച്ചു. കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. എഡ്ജ്ബാസ്റ്റണിൽ ചരിത്ര വിജയം നേടാൻ സാധിച്ചത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്.
Content Highlights: Nitish Kumar Reddy ruled out of England Tests