ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗൺസില്‍ യോഗം ബഹിഷ്കരിക്കാന്‍ BCCI; ഏഷ്യാ കപ്പ് ആശങ്കയില്‍

യോ​ഗം ഇന്ത്യ ബഹിഷ്കരിച്ചാല്‍ സെപ്റ്റംബറില്‍ നടക്കേണ്ട ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിന്‍റെ കാര്യവും പ്രസിന്ധിയിലാവും

dot image

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) വാർഷിക പൊതുയോ​ഗം ബഹിഷ്കരിക്കാനൊരുങ്ങി ബിസിസിഐ. ഈ മാസം 24ന് ധാക്കയില്‍ നടക്കുന്ന എസിസി യോ​ഗത്തില്‍ പങ്കെടുക്കില്ലെന്ന് ബിസിസിഐ അറിയിച്ചെന്നാണ് റിപ്പോർട്ടുകള്‍. ഇത് ഏഷ്യാ കപ്പിന്റെ ആതിഥേയത്വത്തെക്കുറിച്ചുള്ള ആശങ്കകളും ഉയർത്തിയിട്ടുണ്ട്.

ധാക്കയിൽ നടന്നാൽ യോഗത്തിൽ പങ്കെടുക്കില്ലെന്ന് എസിസി ചെയർപേഴ്‌സൺ മൊഹ്‌സിൻ നഖ്‌വിയെ ബിസിസിഐ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പൊതുയോഗത്തിന്‍റെ വേദി ധാക്കയില്‍ നിന്ന് മാറ്റണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനായ പാക് ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്‌വിയുടെ നിര്‍ബന്ധത്തില്‍ വേദി മാറ്റാന്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഇതുവരെ തയാറായിട്ടില്ല.

യോ​ഗം ഇന്ത്യ ബഹിഷ്കരിച്ചാല്‍ സെപ്റ്റംബറില്‍ നടക്കേണ്ട ആറ് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റിന്‍റെ കാര്യവും പ്രസിന്ധിയിലാവും. ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ തന്നെ നടത്താന്‍ മെഹ്സിൻ നഖ്‌വി ബിസിസിഐക്ക് മേല്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും കൗൺസില്‍ യോഗത്തിന്‍റെ വേദി ധാക്കയില്‍ നിന്ന് മാറ്റിയാല്‍ മാത്രമെ ഏഷ്യാ കപ്പ് നടക്കാന്‍ സാധ്യതയുള്ളൂവെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ഷെഡ്യൂൾ ചെയ്ത മീറ്റിംഗിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ വേദി മാറ്റത്തെക്കുറിച്ച് എസിസി ഔദ്യോഗികമായി ഒരു അറിയിപ്പും നൽകിയിട്ടില്ല, ഇത് ഏഷ്യാ കപ്പിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഏഷ്യാ കപ്പ് സെപ്റ്റംബർ മാസത്തിൽ നടത്താനാണ് താൽക്കാലികമായി തീരുമാനിച്ചിരിക്കുന്നത്.

Content Highlights: Asia Cup in danger as BCCI will 'boycott' ACC meet if held in Dhaka

dot image
To advertise here,contact us
dot image