
ട്വന്റി 20 ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഇംഗ്ലണ്ട് താരം ജോസ് ബട്ലർ. ടി20 ക്രിക്കറ്റിൽ 13,000 റൺസ് പിന്നിടുന്ന ചരിത്രത്തിലെ ഏഴാമത്തെ താരമായിരിക്കുകയാണ് ബട്ലർ. ഇന്നലെ ഇംഗ്ലണ്ടിൽ നടന്ന ട്വന്റി 20 വൈറ്റലിറ്റി ബ്ലാസ്റ്റ് ടൂർണമെന്റിൽ ലങ്കാഷെയറിനായി കളിക്കുമ്പോഴാണ് ബട്ലർ ചരിത്രനേട്ടത്തിലേക്കെത്തിയത്.
യോർക്ക്ഷയറിനെതിരായ മത്സരത്തിൽ 46 പന്തിൽ 77 റൺസാണ് ബട്ലർ നേടിയത്. എട്ട് ഫോറും മൂന്ന് സിക്സറും സഹിതമായിരുന്നു ബട്ലറിന്റെ ഇന്നിങ്സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലങ്കാഷെയർ 19.5 ഓവറിൽ 174 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ 153 റൺസിൽ യോർക്ക്ഷയർ താരങ്ങൾ എല്ലാവരും പുറത്തായി. 21 റൺസിന് ലങ്കാഷെയർ മത്സരത്തിൽ ബാറ്റ് ചെയ്തു.
ട്വന്റി 20 ക്രിക്കറ്റിൽ 457 മത്സരങ്ങൾ കളിച്ച ബട്ലർ 13,046 റൺസ് നേടിയിട്ടുണ്ട്. 35.74 ശരാശരിയിലാണ് ബട്ലറുടെ ബാറ്റിങ്. എട്ട് സെഞ്ച്വറിയും 93 അർധ സെഞ്ച്വറിയുമാണ് ബട്ലറിന്റെ ബാറ്റിൽ നിന്ന് പിറന്നത്. 124 റൺസാണ് ഉയർന്ന സ്കോർ.
വെസ്റ്റ് ഇൻഡീസ് മുൻ താരം ക്രിസ് ഗെയ്ലാണ് ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം. 463 മത്സരങ്ങളിൽ നിന്നായി 14,562 റൺസാണ് ഗെയിൽ നേടിയത്. മറ്റൊരു വെസ്റ്റ് ഇൻഡീസ് മുൻ താരമായ കീറോൺ പൊള്ളാർഡ് 707 മത്സരങ്ങളിൽ നിന്ന് 13,854 റൺസ് നേടി രണ്ടാം സ്ഥാനത്തുണ്ട്.
ഇംഗ്ലണ്ടിന്റെ മുൻ താരം അലക്സ് ഹെയ്ൽസ് 503 മത്സരങ്ങളിൽ നിന്ന് 13,814 റൺസ് നേടി മൂന്നാമതും പാകിസ്താന്റെ മുൻ താരം ഷുഹൈബ് മാലിക് 557 മത്സരങ്ങളിൽ നിന്ന് 13,571 റൺസ് നേടി നാലാമതും ഇന്ത്യയുടെ മുൻ താരം വിരാട് കോഹ്‍ലി 414 മത്സരങ്ങളിൽ നിന്ന് 13,543 റൺസ് നേടി അഞ്ചാമതും ഓസ്ട്രേലിയയുടെ മുൻ താരം ഡേവിഡ‍് വാർണർ 416 മത്സരങ്ങളിൽ നിന്ന് 13,395 റൺസോടെ ആറാമതുമുണ്ട്. ഈ പട്ടികയിൽ ഏഴാമതാണെങ്കിലും ഇപ്പോഴും കളി തുടരുന്ന താരങ്ങളിൽ റൺവേട്ടയിൽ ബട്ലറാണ് ഒന്നാമത്.
Content Highlights: England's Jos Buttler completes 13,000 T20 runs