
ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ മികച്ച ഫോമിലുള്ള ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് മുന്നിലുള്ളത് വലിയ അവസരം. ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ റെക്കോർഡ് മറികടക്കാനുള്ള അവസരമാണ് ഗില്ലിന് മുന്നിലുള്ളത്. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോർഡിലാണ് ഗില്ലിനെ ബ്രാഡ്മാനെ മറികടക്കാൻ കഴിയുക.
1930ൽ ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിൽ അഞ്ച് ടെസ്റ്റുകളിലെ ഏഴ് ഇന്നിങ്സുകളിൽ നിന്ന് ബ്രാഡ്മാൻ നേടിയത് 974 റൺസാണ്. നാല് സെഞ്ച്വറികൾ ഉൾപ്പെടെയാണ് ബ്രാഡ്മാൻ അന്ന് ചരിത്രം കുറിച്ചത്. ഒരിന്നിങ്സിൽ നേടിയ 334 റൺസായിരുന്നു ടോപ് സ്കോർ. ഈ ലിസ്റ്റിൽ ഇന്ത്യൻ താരങ്ങളിൽ മുൻ താരം സുനിൽ ഗവാസ്കർ ആണ് ഒന്നാമൻ. 1970-71ൽ നാല് ടെസ്റ്റുകളിൽ നിന്നായി ഗവാസ്കർ 774 റൺസ് അടിച്ചുകൂട്ടിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരം മാത്രം പിന്നിടുമ്പോൾ ഗിൽ 585 റൺസ് അടിച്ചെടുത്തുകഴിഞ്ഞു. രണ്ടാം ടെസ്റ്റിൽ മാത്രം 430 റൺസാണ് ഗില്ലിന്റെ ബാറ്റിൽ നിന്ന് പിറന്നത്. ആദ്യ ഇന്നിങ്സിൽ നേടിയ 269 റൺസാണ് പരമ്പരയിൽ ഗിൽ നേടിയ ടോപ് സ്കോർ. രണ്ടാം ഇന്നിങ്സിൽ 161 റൺസും നേടി. ആദ്യ ടെസ്റ്റിൽ 147, എട്ട് എന്നിങ്ങനെയാണ് ഗില്ലിന്റെ സ്കോറുകൾ. എന്നാൽ ബ്രാഡ്മാനെ മറികടക്കാൻ ഇംഗ്ലണ്ട് പരമ്പരയിലെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റുകളിൽ ഗില്ലിന് വേണ്ടത് 390 റൺസാണ്.
Content Highlights: Shubman Gill has a big chance to surpass Don Bradman