
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി രണ്ട് ഇന്നിങ്സിലുമായി 1,000 റൺസ് നേടുന്ന ടീമായി ശുഭ്മൻ ഗില്ലിന്റെ സംഘം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലുമായി 1014 റൺസാണ് ഇന്ത്യൻ ടീം അടിച്ചെടുത്തത്. 2004ലെ സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ 916 റണ്‍സടിച്ചതായിരുന്നു ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഉയര്‍ന്ന സ്കോര്‍. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ 1000 റണ്‍സ് അടിച്ചെടുക്കുന്ന അഞ്ചാമത്തെ മാത്രം ടീമാണ് ഇന്ത്യ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, പാകിസ്താൻ ടീമുകൾ ഇതിന് മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്സുകളിലായി 1,000 റൺസെന്ന നേട്ടം സ്വന്തമാക്കിയിട്ടുണ്ട്.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ 587 റണ്‍സാണ് ഇന്ത്യൻ ടീം അടിച്ചെടുത്തത്. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സും ഇന്ത്യൻ ടീം അടിച്ചെടുത്തിരുന്നു. ഇതോടെ രണ്ട് ഇന്നിങ്സിലുമായി ഇന്ത്യയുടെ റണ്‍നേട്ടം 1014 റണ്‍സിലെത്തി. 21-ാം നൂറ്റാണ്ടിൽ ഇത് രണ്ടാം തവണയാണ് ഒരു ടീം ടെസ്റ്റ് ക്രിക്കറ്റിൽ 1000 റണ്‍സെന്ന നേട്ടം സ്വന്തമാക്കുന്നത്. 2006ൽ ഫൈസലാബാദിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരായ പാകിസ്താന്‍ രണ്ട് ഇന്നിങ്സിലുമായി 1078 റണ്‍സ് അടിച്ചെടുത്തിരുന്നു.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് ഇന്നിങ്സിലുമായി ഏറ്റവും ഉയർന്ന സ്കോർ നേടിയത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമാണ്. 1930ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിങ്സ്റ്റണില്‍ ഇംഗ്ലണ്ട് 1121 റണ്‍സ് നേടിയിരുന്നു. അന്ന് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 849 റൺസും രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 272 റൺസും നേടി. ടെസ്റ്റ് ക്രിക്കറ്റിന് സമയപരിധി ഇല്ലാത്ത കാലമായിരുന്നതിനാൽ ഈ മത്സരം ഏഴ് ദിവസം നീണ്ടിരുന്നു. പക്ഷേ ഇരുക്യാപ്റ്റന്മാരും ഒടുവിൽ സമനിലയ്ക്ക് സമ്മതിച്ചു.
Content Highlights: For the first time, team India registered more than 1000 runs in a Test match