
ഹെഡിങ്‌ലി ടെസ്റ്റിലെ പരാജയത്തിന് പിറകേ ഇന്ത്യൻ ടീമിന്റെ ബോളിങ് ഡിപ്പാർട്ടമെന്റ് വലിയ വിമർശനങ്ങളാണ് നേരിടുന്നത്. ജസ്പ്രീത് ബുംറയെ മാത്രം ആശ്രയിച്ച് എത്ര കാലമാണ് ഇന്ത്യ മുന്നോട്ട് പോവുക എന്നായിരുന്നു ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ നേരിട്ട ഏറ്റവും വലിയ ചോദ്യം.
മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ഷർദുൽ താക്കൂറുമൊക്കെ പരാജയപ്പെട്ട മത്സരത്തിൽ ബുംറ മാത്രമാണ് പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തത്. രണ്ടാം ഇന്നിങ്‌സിൽ ബുംറയെ ഇംഗ്ലണ്ട് കരുതലോടെ നേരിട്ടതോടെ ഇന്ത്യ അഞ്ച് വിക്കറ്റിന്റെ തോൽവിയേറ്റു വാങ്ങി.
ജോലി ഭാരം കാരണം രണ്ടാം ടെസ്റ്റിൽ ബുംറക്ക് ഇന്ത്യ വിശ്രമം അനുവദിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ബെഞ്ചിലെ സ്പിൻ സ്‌ട്രെങ്തിനെ ഇന്ത്യ ഉപയോഗപ്പെടുത്തുന്നില്ല എന്ന വിമർശനവുമുണ്ട്. ഇപ്പോഴിതാ കുൽദീപ് യാദവിനെ നിർബന്ധമായും രണ്ടാം ടെസ്റ്റിന് പരിഗണിക്കണം എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ.
'20 വിക്കറ്റുകളും വീഴ്ത്തണം എന്ന പദ്ധതി ഗംഭീറിനും ഗില്ലിനുമുണ്ടോ. എങ്കിൽ കുൽദീപ് യാദവിനെ ടീമിലേക്ക് ഗൗരവത്തില്‍ തന്നെ പരിഗണിക്കണം. അതിനായി ആരെ വേണമെങ്കിലും നിങ്ങൾക്ക് ഒഴിവാക്കാം. അയാൾ പന്തെറിഞ്ഞാൽ ഇംഗ്ലണ്ടിന് അധികം സ്‌കോർ ചെയ്യാനാവില്ല. ഇംഗ്ലീഷ് ബാറ്റർമാർക്ക് മുന്നിൽ നിരന്തരം പ്രതിസന്ധി സൃഷ്ടിച്ച് അയാൾ നിങ്ങൾക്കായി പരമ്പര നേടിത്തരും. ഷർദുൽ താക്കൂറിന് പകരമാണ് കുൽദീപ് എത്തുന്നതെങ്കിൽ പ്രസിദ്ധ് ടീമിൽ നിലനിൽക്കട്ടേ. അർഷദീപോ ആകാശ് ദീപോ ബുംറക്ക് പകരക്കാരായെത്തട്ടേ.- അശ്വിൻ പറഞ്ഞു.
20 വിക്കറ്റുകളും നേടാതെ ഇന്ത്യക്ക് വിജയിക്കാനാവില്ലെന്ന് ഹെഡിങ്‌ലിയെ പരാജയത്തിന് ശേഷം ഗൗതം ഗംഭീറും പറഞ്ഞിരുന്നു. 'ഒരു ടെസ്റ്റ് മത്സരം ജയിക്കാൻ 20 വിക്കറ്റുകൾ നിങ്ങൾ പോക്കറ്റിലാക്കണം. നിങ്ങൾക്ക് ചിലപ്പോൾ 1000 റൺസ് സ്‌കോർ ചെയ്യാൻ കഴിഞ്ഞെന്നിരിക്കാം. പക്ഷെ ആ മത്സരത്തിൽ വിജയിക്കുമെന്ന് ഒരുറപ്പും പറയാനാവില്ല. എന്നാൽ രണ്ട് ഇന്നിങ്‌സിലും മുഴുവൻ ബാറ്റർമാരേയും കൂടാരം കയറ്റി നോക്കൂ. വിജയമുറപ്പാണ്'- ഇതായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.