'CSKയുടെ ടീം ബസിനെ സ്‌കൂട്ടറില്‍ ഫോളോ ചെയ്തു'; ഐപിഎല്‍ എന്‍ട്രിയുടെ കഥ പറഞ്ഞ് കൊല്‍ക്കത്ത സ്പിന്നർ

'നോക്കൂ, അദ്ദേഹത്തിന് എളുപ്പത്തില്‍ എന്നെ വേണ്ടെന്ന് പറയാമായിരുന്നു'

'CSKയുടെ ടീം ബസിനെ സ്‌കൂട്ടറില്‍ ഫോളോ ചെയ്തു'; ഐപിഎല്‍ എന്‍ട്രിയുടെ കഥ പറഞ്ഞ് കൊല്‍ക്കത്ത സ്പിന്നർ
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്കുള്ള തന്റെ പ്രവേശനത്തിന് വഴിയൊരുക്കിയ സംഭവം വിവരിച്ച് മിസ്ട്രി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ഒരു കാലത്ത് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ നെറ്റ് ബോളറായിരുന്ന താരം നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കുന്തമുനയാണ്. രവിചന്ദ്രന്‍ അശ്വിനുമായുള്ള അഭിമുഖത്തിലാണ് ടൂര്‍ണമെന്റിലേക്കുള്ള തന്റെ രംഗപ്രവേശത്തെ കുറിച്ച് വരുണ്‍ മനസ് തുറന്നത്.

'രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ ഐപിഎല്ലിലേക്ക് തിരിച്ചുവന്ന വര്‍ഷമായിരുന്നു അത്. ആ സമയത്ത് രസകരമായ ഒരു സംഭവം അരങ്ങേറി. ചെന്നൈ നെറ്റ് ബോളര്‍മാരെ അന്വേഷിക്കുന്നുണ്ടെന്ന വിവരം ഞാനറിഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സ്‌കൂട്ടറില്‍ സിഎസ്‌കെയുടെ ടീം ബസിനെ പിന്തുടരുകയായിരുന്നു . ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് നിന്ന് ഞാന്‍ ടി.എസ് മോഹനെ വിളിച്ചു. ഞാന്‍ മിസ്ട്രി സ്പിന്‍ ബൗള്‍ ചെയ്യുമെന്നും സിഎസ്‌കെയുടെ നെറ്റ് ബോളറാകാന്‍ എനിക്ക് അവസരമുണ്ടോ എന്നും അദ്ദേഹത്തോട് ചോദിച്ചു.

ഏത് ഡിവിഷനിലാണ് കളിച്ചതെന്ന് അദ്ദേഹം എന്നോട് ചോദിച്ചപ്പോള്‍ അഞ്ചാം ഡിവിഷനിലാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ചെന്നൈ ഫസ്റ്റ് ഡിവിഷന്‍ ബോളര്‍മാരെ മാത്രമേ എടുക്കുന്നുള്ളു എന്നായിരുന്നു എന്നോടദ്ദേഹം പറഞ്ഞത്. നോക്കൂ, അദ്ദേഹത്തിന് എളുപ്പത്തില്‍ എന്നെ വേണ്ടെന്ന് പറയാമായിരുന്നു, പക്ഷേ എന്തുകൊണ്ടോ അടുത്ത ദിവസം നേരില്‍ വന്ന് കാണാന്‍ അദ്ദേഹം ആവശ്യപ്പെട്ടു', അശ്വിനുമായുള്ള തുറന്ന സംഭാഷണത്തിനിടെ വരുണ്‍ വെളിപ്പെടുത്തി.

അടുത്ത ദിവസം വരുണ്‍ ഏറെ ആവേശത്തോടെ സ്റ്റേഡിയത്തിലേക്ക് പോയി. ഫസ്റ്റ് ഡിവിഷന്‍ കളിക്കാരില്‍ ചിലരെക്കാള്‍ മുന്നിലായി നെറ്റ്‌സില്‍ പന്തെറിയാന്‍ അയാള്‍ക്ക് അവസരം ലഭിച്ചു. വരുണ്‍ തുടരുന്നു. 'ആദ്യം എനിക്കാണ് പന്ത് തന്നത്. ഫസ്റ്റ് ഡിവിഷന്‍ കളിക്കുന്ന ബോളര്‍മാരൊക്കെ എനിക്ക് പിന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു. ബ്രാവോയ്‌ക്കെതിരെയാണ് ആദ്യ പന്തെറിഞ്ഞത്. ആദ്യ രണ്ട് പന്തുകള്‍ സ്‌ട്രൈറ്റ് ബീമറുകളായിരുന്നു.

ഞാന്‍ നന്നായി പരിഭ്രമിച്ചു. അതിനുശേഷം ധോണിക്കും റെയ്നക്കുമെതിരെ മികച്ച രീതിയില്‍ പന്തെറിയാനായി. എന്‍റെ പ്രകടനം അവര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നെനിക്ക് തോന്നി. ഞാന്‍ ഐപിഎല്ലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് അവര്‍ ചോദിച്ചു. ഒന്നാം ഡിവിഷനില്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഞാന്‍ മറുപടി നല്‍കി. സിഎസ്‌കെയ്ക്ക് വേണ്ടി നെറ്റ് ബോളിംഗ് ചെയ്ത് തുടങ്ങാന്‍ അവര്‍ എന്നോട് ആവശ്യപ്പെട്ടു. ഇതൊക്കെ സംഭവിച്ചത് ആദ്യ ദിവസമാണെന്ന് ഓര്‍ക്കണം', വരുണ്‍ വെളിപ്പെടുത്തി.

നിര്‍ഭാഗ്യവശാല്‍ ആ വര്‍ഷം സിഎസ്‌കെയുടെ ബേസ് ചെന്നൈയില്‍ നിന്ന് പൂനെയിലേക്ക് മാറ്റേണ്ടിവന്നു. ഇതിന് പിന്നാലെ ചക്രവര്‍ത്തിയെ നെറ്റ് ബോളര്‍മാരുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കി. ഏറെ നാളുകള്‍ക്ക് ശേഷം ദിനേശ് കാര്‍ത്തിക്കിന്‍റെ വിളിയെത്തി. വൈകാതെ തന്നെ വരുണ്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം നെറ്റ്സില്‍ പന്തെറിഞ്ഞ് തുടങ്ങി.

2019 ല്‍ പഞ്ചാബ് കിംഗ്സിലൂടെയാണ് വരുണ്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ പഞ്ചാബ് ജേഴ്സിയില്‍ അധികം മത്സരങ്ങളില്‍ താരത്തിന് കളത്തിലിറങ്ങാന്‍ കഴിഞ്ഞില്ല. 2020 മുതല്‍ കെകെആര്‍ നിരയിലെ നിർണായക സാന്നിധ്യമാണ് വരുണ്‍.

Content Highlights: Varun Chakravarthy says He "Followed CSK Bus On Scooter", Net Bowling Stint Changed His Career

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us