
ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന് സര്‍ക്കാര്‍ ജോലി. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഇന്ത്യൻ താരത്തിന് ജോലി വാഗ്ദാനം ചെയ്തിരിക്കുന്നത്. ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസറായി (ബിഎസ്എ) റിങ്കുവിനെ നിയമിക്കുന്നതിനുള്ള നടപടികള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരംഭിച്ചു. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിനായി മെഡലുകൾ നേടിയ കായിക താരങ്ങൾക്ക് സർക്കാർ വകുപ്പുകളിൽ ജോലി നൽകുന്ന 2022ലെ നിയമപ്രകാരമാണ് റിങ്കുവിന്റെ നിയമനം. 2023ലെ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സുവർണ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിൽ റിങ്കു സിങ് അംഗമായിരുന്നു.
ജില്ലയിലെ അഞ്ചാം ക്ലാസ് വരെയുള്ള സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളുടെ പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് റിങ്കുവിനുള്ളത്. എന്നാൽ ഒമ്പതാം ക്ലാസ് വരെ മാത്രം പഠിച്ച ഒരാള്‍ക്ക് ഈ പദവിയില്‍ സര്‍ക്കാര്‍ ജോലി നല്‍കാമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അടിസ്ഥാന യോഗ്യത ബിരുദമായ ജോലിയാണ് റിങ്കുവിന് ലഭിച്ചിരിക്കുന്നത്. വീട്ടിലെ സാഹചര്യങ്ങള്‍ കാരണം ഒമ്പതാം ക്ലാസില്‍വെച്ച് പഠനം അവസാനിപ്പിക്കേണ്ടിവന്നയാളാണ് റിങ്കു സിങ്.
ഗ്രേഡ് എ ഗസറ്റഡ് ഉദ്യോഗസ്ഥനായ റിങ്കുവിന് പ്രതിമാസ ശമ്പള സ്കെയിൽ 70,000 രൂപ മുതല്‍ 90,000 രൂപ വരെയാണ്. സര്‍ക്കാര്‍ വസതി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇതിനൊപ്പം ഇന്ത്യൻ താരത്തിന് ലഭിക്കും. ഉത്തർപ്രദേശിൽ നിന്നുള്ള സമാജ്വാദ് പാർട്ടി എംപി പ്രിയാ സരോജുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് റിങ്കുവിന് സര്‍ക്കാര്‍ ജോലിയും ലഭിച്ചിരിക്കുന്നത്.
Content Highlights: Rinku Singh is set to be appointed as a Basic Education Officer