രവിചന്ദ്രൻ അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണം; പരാതി നൽകി മധുര പാന്തേഴ്സ്

അശ്വിനെതിരെ പരാതി ലഭിച്ചുവെന്ന് ടിഎന്‍പിഎല്‍ സിഇഒ പ്രസന്ന കണ്ണൻ സ്ഥിരീകരിച്ചു

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ താരവുമായി സ്പിന്നർ രവിചന്ദ്രൻ അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണം. തമിഴ്നാട്‌ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണം ഉയർന്നത്. ടൂർണമെന്റിൽ ഡിണ്ടിഗല്‍ ഡ്രാ​ഗൺസിന്റെ ക്യാപ്റ്റനാണ് അശ്വിൻ. മധുര പാന്തേഴ്സ് ടീമാണ് അശ്വിനെതിരെ പന്ത് ചുരണ്ടൽ ആരോപണവുമായി രംഗത്തെത്തിയത്.‌

മധുരയും ഡിണ്ടി​ഗലും തമ്മിലുള്ള മത്സരത്തിനിടെ അശ്വിന്‍ സംശയകരമായ രീതിയില്‍ തൂവാല ഉപയോഗിച്ചെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മധുര ടീം സി ഇ ഒ ഡി പൂജ ടി എൻ പി എല്ലിന് കത്ത് നൽകി. 'പന്തിന്‍റെ ഭാരം കൂട്ടാനായി അശ്വിന്‍ രാസപദാർത്ഥം തേച്ച തൂവാല ഉപയോഗിച്ചെന്നാണ് മധുര ടീം അധികൃതരുടെ ആരോപണം. ഇതേതുടർന്ന് ബാറ്റര്‍മാര്‍ പന്തടിക്കുമ്പോള്‍ ലോഹത്തില്‍ തട്ടുന്നതുപോലെ ശബ്ദം കേട്ടിരുന്നു. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പന്ത് തുടച്ചതിനാലാണ് ഇത്തരത്തിൽ സംഭവിച്ചത്.' ഇത് നിരവധി തവണയായി ആവർത്തിക്കുന്നുവെന്നും മധുര ടീം നൽകിയ കത്തിൽ പറയുന്നു.

അശ്വിനെതിരെ പരാതി ലഭിച്ചുവെന്ന് ടിഎന്‍പിഎല്‍ സിഇഒ പ്രസന്ന കണ്ണൻ സ്ഥിരീകരിച്ചു. 'പരാതിയിൽ അന്വേഷണത്തിനായി സ്വതന്ത്ര കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണത്തിന് അടിസ്ഥാനമായ തെളിവുകൾ മധുര ടീം നൽകണം. അല്ലാത്ത പക്ഷം അടിസ്ഥാന രഹിതമായ ആരോപണത്തിന് മധുര ടീമിനെതിരെ നടപടിയെടുക്കേണ്ടി വരും.' പ്രസന കണ്ണൻ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.

'ഔട്ട് ഫീല്‍ഡിലെ നനവിനെ തുടർന്നാണ് പന്ത് തുടക്കാനായി കളിക്കാര്‍ക്ക് തൂവാല നല്‍കിയത്. ടിഎന്‍പിഎല്‍ അധികൃതല്‍ നല്‍കുന്ന തൂവാല ഉപയോഗിച്ച് മാത്രമാണ് കളിക്കാര്‍ക്ക് പന്ത് തുടക്കാൻ കഴിയുക. മത്സരത്തിനിടെയിൽ സംശയാസ്പദമായി ഒന്നും അംപയർമാരുടെ ശ്രദ്ധയിൽപെട്ടിട്ടില്ല,' പ്രസന്ന കണ്ണൻ വ്യക്തമാക്കി.

Content Highlights: R Ashwin and his team Dindigul accused of ball tampering

dot image
To advertise here,contact us
dot image